മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇപ്പോഴത്തെ പ്രധാന പ്രശ്നം ഗോളടിക്കാൻ കഴിയാത്തത് ആണെന്ന് പറയേണ്ടി വരും. മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു മത്സരത്തിൽ ഒന്നിൽ കൂടുതൽ ഗോളടിക്കുന്നത് വളരെ അപൂർവ്വം മാത്രമായ കാഴ്ചയാണ്. അവസാന ഏഴു മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആകെ അടിച്ചത് ആറു ഗോളുകളാണ്. മാഞ്ചസ്റ്റർ സിറ്റി കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ നിന്ന് മാത്രമായി 8 ഗോൾ അടിച്ചെന്ന് ഓർക്കണം.
ഈ സീസണിൽ ആദ്യ മത്സരത്തിൽ ചെൽസിക്ക് എതിരെ നാലു ഗോളുകൾ അടിച്ചത് മാത്രമാണ് യുണൈറ്റഡ് ഒന്നിൽ കൂടുതൽ ഗോളടിച്ച കളി. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അവസാന 20 മത്സരങ്ങളിൽ വെറും മൂന്ന് മത്സരത്തിൽ മാത്രമാണ് യുണൈറ്റഡ് ഒന്നിൽ കൂടുതൽ ഗോളടിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ പോലെ വലിയ ക്ലബിന് ഇത് ശരിക്കും നാണക്കേടാണ്. ഗോളടിക്കാൻ അറിയുന്ന താരങ്ങളും ഗോളവസരം ഉണ്ടാക്കാൻ ആകുന്ന താരങ്ങളും യുണൈറ്റഡിൽ ഇപ്പോൾ ഇല്ല. അവസാന മൂന്ന് മത്സരങ്ങളിൽ യുണൈറ്റഡ് ആകെ നേടിയത് രണ്ട് ഗോളുകൾ. ആ രണ്ട് ഗോളുകളും ഒരു 17കാരനാണ് നേടിയത് എന്നും യുണൈറ്റഡിൽ ഒരു നല്ല ഗോൾ സ്കോറർ ഇല്ലാത്തത് കാണിക്കുന്നു. റാഷ്ഫോർഡ്, ലിംഗാർഡ് എന്നിവർ ഫോമിൽ ഇല്ലാത്തതും ഫോമിൽ ഉണ്ടായിരുന്ന മാർഷ്യൽ പരിക്കിന്റെ പിടിയിലായതും മാഞ്ചസ്റ്ററിന്റെ ഇപ്പോഴത്തെ പ്രശ്നമാണ്. ഇന്നലെ ലീഗ് കപ്പിൽ മുപ്പതോളം ഷോട്ടുകൾ തൊടുത്ത യുണൈറ്റഡ് ആകെ നേടിയത് ഒരു ഗോളാണ്.