മൊഹമ്മദൻസിന്റെ കിരീട പ്രതീക്ഷ അവസാനിച്ചു, ഈസ്റ്റ് ബംഗാൾ ലീഗിൽ ഒന്നാമത്

- Advertisement -

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ മൊഹമ്മദൻ സ്പോർടിംഗിന്റെ കിരീട പ്രതീക്ഷ അവസാനിച്ചു. ഇന്ന് അവരുടെ ലീഗിലെ അവസാന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനോടാണ് മൊഹമ്മദൻസ് പരാജയപ്പെട്ടത്. ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഈസ്റ്റ് ബംഗാളിന്റെ വിജയം. മത്സരം 1-1 എന്നായിരിക്കെ പിറന്ന ചുവപ്പ് കാർഡാണ് ഈസ്റ്റ് ബംഗാളിനെ രക്ഷിച്ചത്.

മൊഹമ്മദൻസിന്റെ സൈഫുൽ റഹ്മാനാണ് പെനാൾട്ടി ബോക്സിൽ നിന്ന് കൈ കൊണ്ട് ബോൾ തടഞ്ഞതിന് ചുവപ്പ് കണ്ട് പുറത്ത് പോയത്. ആ ഫൗളിന് ലഭിച്ച പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് ഈസ്റ്റ് ബംഗാൾ ലീഡ് എടുക്കുകയും ചെയ്തു. പിന്റു മഹാത, ജെയ്മി സാന്റോസ്, മാർകോസ് മാർട്ടിൻ എന്നിവരാണ് ഈസ്റ്റ് ബംഗാളിനായി ഗോളുകൾ നേടിയത്.

ലീഗിൽ ഈ വിജയത്തോടെ ഈസ്റ്റ് ബംഗാൾ ഒന്നാം സ്ഥാനത്ത് എത്തി. 10 മത്സരങ്ങളിൽ നിന്ന് 20 പോയന്റാണ് ഈസ്റ്റ് ബംഗാളിന് ഉള്ളത്. 11 മത്സരങ്ങളിൽ 19 പോയന്റുമായി രണ്ടാമതാണ് മൊഹമ്മദൻസ് ഇപ്പോൾ ഉള്ളത്. മൊഹമ്മദൻസിന് ഇനി മത്സരമില്ല. 9 മത്സരങ്ങളിൽ നിന്ന് 17 പോയന്റുള്ള പീർലെസ് ആണ് ലീഗിൽ ഇപ്പോഴിം കിരീട പ്രതീക്ഷ ഉള്ള മറ്റൊരു ടീം. അവസാന രണ്ടു മത്സരങ്ങളും വിജയിച്ചാൽ പീർലെസിന് കിരീടം സ്വന്തമാക്കാം.

Advertisement