മാഞ്ചസ്റ്റർ യുണൈറ്റഡിനെ നശിപ്പിക്കുന്ന ഗ്ലേസേഴ്സിനെ എങ്ങനെ വെറുക്കാതിരിക്കും!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സീസൺ തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. ഈ ക്ലബിൽ ഇത്തവണ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് യാതൊരു പ്രതീക്ഷയും ഉണ്ടാകില്ല. ഒരുപാട് കാലത്തെ നിരാശയ്ക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ ചുണ്ടിൽ ഇത്തിരി പുഞ്ചിരി സമ്മാനിച്ച സീസണായിരുന്നു അവസാനത്തേത്. പ്രത്യേകിച്ച് കഴിഞ്ഞ സീസൺ അവസാന പകുതി. ക്ലബ് കഷ്ടകാലം മറികടക്കാൻ പോവുകയാണെന്നും തിരികെ വരികയാണെന്നും ആരാധകർക്ക് ഒകെ തോന്നിയ സമയം. പക്ഷെ ക്ലബ് നന്നാവണം എന്ന് ആരാധകർ മാത്രം ആഗ്രഹിച്ചാൽ പോരല്ലോ.

ഒലെ ഗണ്ണാർ സോൾഷ്യാറിന്റെ ആത്മവിശ്വാസം പോലും നശിപ്പിക്കുന്ന സമീപനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിന്റെ ഉടമകളായ ഗ്ലേസേഴ്സ് നടത്തുന്നത്. ക്ലബിൽ ആദ്യ ഇലവന് അപ്പുറം കളിക്കാൻ മാത്രം നിലവാരമുള്ള താരങ്ങൾ ഇല്ല എന്ന് പകൽ പോലെ വ്യക്തമായിട്ടും ഗ്ലേസേഴ്സ് കുടുംബത്തിന് കുലുക്കമില്ല. പ്രീമിയർ ലീഗിലെ ക്ലബുകൽ എല്ലാം ടീമുകൾ മെച്ചപ്പെടുത്തി കരുത്തരാകുമ്പോഴും മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് എങ്ങനെ പണം ഊറ്റാം എന്ന ചിന്തയെ ഗ്ലേസേഴ്സിന് ഉള്ളൂ

ക്ലബ് ആകെ നടത്തിയത് ഒരു ട്രാൻസ്ഫർ ആണ്. വാൻ ഡെ ബീക് എന്ന അറ്റാകിംഗ് മിഡ്ഫീൽഡർ. റൈറ്റ് വിങ്ങിൽ സാഞ്ചോയ്ക്കായി യുണൈറ്റഡ് ഇറങ്ങിയിട്ട് വർഷം ഒന്നായി. ഒരില പോലും അനക്കാൻ ഗ്ലേസേഴ്സിന്റെ കണ്ണിലുണ്ണി ആയ എഡ് വൂഡ്വാർഡിനായിട്ടില്ല. റെഗുലിയണെയും ബെയ്ലിനെയും സ്വന്തമാക്കാൻ അവസരം ഉണ്ടായിട്ടും ആത്മാർത്ഥത കാണിക്കാത്തതിനാൽ അവരെ സ്പർസ് കൊണ്ടു പോയി. ഇനി ആരെങ്കിലും യുണൈറ്റഡിലേക്ക് വരും എന്ന് അഭ്യൂഹങ്ങൾ പോലും നിലനിൽക്കുന്നില്ല എന്നതാണ് തമാശ.

റൈറ്റ് വിങ്ങും, ലെഫ്റ്റ് ബാക്കും, സെന്റർ ബാക്കും, ഡിഫൻസീവ് മിഡും, സ്ട്രൈക്കറും എന്നിങ്ങനെ ഒരാൾക്ക് പരിക്ക് പറ്റിയാൽ കിടപ്പിലാകുന്ന ഒരുപാട് പൊസിഷനുകളാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉള്ളത്. ഈ പ്രശ്നങ്ങൾ ഒന്നും പരിഹരിക്കുന്നതിൽ ഗ്ലേസേഴ്സിന് യാതൊരു താല്പര്യവുമില്ല. സീസൺ തുടങ്ങി ടീം തോൽക്കാൻ തുടങ്ങിയാൽ ആരാധകർ കുറ്റം പറയുക മാനേജറെ ആകും എന്നും അപ്പോൾ പുതിയ മാനേജറെ എത്തിച്ച് മുഖം രക്ഷിക്കാൻ എന്നുമാണ് ക്ലബ് ഉടമകൾ കരുതുന്നത്. ചെൽസിയും, ആഴ്സണലും, സ്പർസും, മാഞ്ചസ്റ്റർ സിറ്റിയും, ലെസ്റ്ററും, വോൾവ്സും, എവർട്ടണും ഒക്കെ ടീം മെച്ചപ്പെടുത്തുന്നതിൽ കാണിക്കുന്നത് കണ്ട് അസൂയയോടെ ഇരിക്കാനെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് ഇത്തവണ പറ്റിയുള്ളൂ. ടീം ചാമ്പ്യൻഷിപ്പിൽ എത്തിയാലും സാരമില്ല നമ്മുക്ക് പണമുണ്ടാക്കിയാൽ മതി എന്ന ഉടമകൾ ഉണ്ടാകുമ്പോൾ അനുഭവിക്കേണ്ടി വരിക എന്നും ആരാധകർ തന്നെയാണ്. ഇത്തവണ ടീം ശക്തമാക്കിയില്ല എങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രതാപത്തിലേക്ക് തിരിച്ചുവരാൻ അടുത്തൊന്നും വഴി തെളിഞ്ഞേക്കില്ല.