മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രീമിയർ ലീഗിൽ ഒരു മികച്ച വിജയം. യുണൈറ്റഡ് ഇന്ന് ഒരു ടീം പെർഫോർമൻസിന്റെ ബലത്തിൽ നോട്ടിങ് ഹാം ഫോറസ്റ്റിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു. ആദ്യ പകുതിയിൽ റാഷ്ഫോർഡും മാർഷ്യലും നേടിയ ഗോളിനാണ് യുണൈറ്റഡ് വിജയിച്ചത്.
ഫോറസ്റ്റിന്റെ ഓൾഡ് ട്രാഫോർഡിലേക്ക് ഉള്ള വരവ് അത്ര മികച്ച രീതിയിൽ ആയിരുന്നില്ല. മത്സരത്തിന്റെ തുടക്കം മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആധിപത്യം ആണ് കാണാൻ ആയത്. ഫ്ലൂ കാരണം യുണൈറ്റഡ് ആദ്യ ഇലവനിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടി വന്നു എങ്കിലും അവരുടെ പ്രകടനത്തിൽ അതിന്റെ പ്രശ്നങ്ങൾ ഒന്നും കണ്ടില്ല. മത്സരത്തിന്റെ അഞ്ചാം മിനുട്ടിൽ ലെഫ്റ്റ് ബാക്ക് മലാസിയയുടെ ഒരു ഷോട്ട് ഫോറസ്റ്റ് കീപ്പർ ഹെന്നസിയും ഗോൾ പോസ്റ്റും ചേർന്നാണ് തടഞ്ഞത്.
19ആം മിനുട്ടിൽ ഒരു കോർണറിൽ നിന്നായിരുന്നു യുണൈറ്റഡിന്റെ ആദ്യ ഗോൾ വന്നത്. എറിക്സൺ എടുത്ത ഒരു തന്ത്രപരമായ കോർണർ ട്രെയിനിങ് ഗ്രൗണ്ടിൽ എന്ന പോലൊരു നീക്കത്തിലൂടെ മാർക്കസ് റാഷ്ഫോർഡ് ലക്ഷ്യത്തിൽ ആക്കി. സ്കോർ 1-0. റാഷ്ഫോർഡിന്റെ ഗോൾ പിറന്ന് മൂന്ന് മിനുട്ടുകൾക്ക് അകം മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം ഗോളും നേടി.
ഇത്തവണ റാഷ്ഫോർഡ് സൃഷ്ടിച്ച അവസരം ആണ് ആന്റണി മാർഷ്യൽ ലക്ഷ്യത്തിൽ ആക്കിയത്. ഈ ഗോളിന് ഫോറസ്റ്റ് കീപ്പർ ഹെന്നസിയുടെ മോശം ഗോൾ കീപ്പിംഗും തുണയായി. ആദ്യ പകുതിയുടെ അവസാനം ഫോറസ്റ്റ് ഒരു ഗോൾ മടക്കി എങ്കിലും ആ ഗോൾ വാർ ഓഫ്സൈഡ് ആയതിനാൽ നിഷേധിച്ചു.
രണ്ടാം പകുതിയിൽ 55ആം മിനുട്ടിൽ യുണൈറ്റഡിന്റെ ലീഡ് വർധിപ്പിൽകാൻ ആന്റണിക്ക് ഒരു സുവർണ്ണാവസരം ലഭിച്ചു. പക്ഷെ ഹെന്നസിയുടെ നല്ല സേവ് ഫോറസ്റ്റിന് തുണയായി. 60ആം മിനുട്ടിൽ മാർഷ്യലിന്റെ ഷോട്ടും ഹെന്നസി തടഞ്ഞു. 66ആം മിനുട്ടിൽ റാഷ്ഫോർഡിനെയും ഹെന്നസി തടഞ്ഞു. ഫോസ്റ്റർ കീപ്പറിന്റെ സേവുകൾ തുടർന്നു. 72ആം മിനുട്ടിൽ കസെമിറോയുടെ ഷോട്ടും ഹെന്നസിയുടെ ഗ്ലോവുകൾ തടയുകയുണ്ടായി.
അവസാനം 88ആം മിനുട്ടിൽ ഫ്രെഡിലൂടെ യുണൈറ്റഡ് മൂന്നാം ഗോൾ നേടി. കസെമിറോയുടെ പാസിൽ നിന്നായിരുന്നു ബ്രസീലിയൻ താരത്തിന്റെ ഫിനിഷ്. ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിൽ 29 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് നിൽക്കുകയാണ്. നാലാമതുള്ള സ്പർസിനെക്കാൾ ഒരു പോയിന്റ് മാത്രം പിറകിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. സ്പർസിനെക്കാൾ ഒരു മത്സരം കുറവാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കളിച്ചത്.