ഇംഗ്ലീഷ് പ്രീമിയർ ലീഗൽ മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനത്ത്. ഇന്ന് ലുട്ടൻ ടൗണിനെ നേരിട്ട മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്. സിറ്റിയുടെ ഹോം ഗ്രൗണ്ട് ആയ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കളിയുടെ രണ്ടാം മിനിറ്റിൽ തന്നെ സിറ്റി ലീഡ് എടുത്തത്. 65ആം സെക്കൻഡിൽ ഒരു സെൽഫ് ഗോളിൽ നിന്നായിരുന്നു സിറ്റിയുടെ ഗോൾ.
ഹാളണ്ടിന്റെ ഒരു അക്രോബാറ്റിക് ഷോട്ട് ഡിഫൻഡറുടെ മുഖത്ത് തട്ടി വലയിലേക്ക് പോവുകയായിരുന്നു. ആദ്യപകുതിയിൽ തന്നെ ഹാളണ്ടിന് നിരവധി അവസരങ്ങൾ ലഭിച്ചുവെങ്കിലും ഒന്നും ഗോളാക്കാൻ താരത്തിന് ആയില്ല. താരത്തിന്റെ സമീപകാലത്തെ മോശം ഫോമാണ് എന്നും ആദ്യപകുതിയിൽ കണ്ടത്.
രണ്ടാം പകുതിയിൽ കൊവാചിചിന്റെ ഒരു ഗംഭീര സ്ട്രൈക്ക് മാഞ്ചസ്റ്റർ സിറ്റിയുടെ ലീഡ് ഇരട്ടിയാക്കി. 76ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ഹാളണ്ട് സിറ്റിയുടെ മൂന്നാം ഗോൾ നേടി. ബാർക്ലിയിലൂടെ ഒരു ഗോൾ ലൂട്ടൺ മടക്കി എങ്കിലും പിറകെ ഡോകുവും ഗ്വാർഡിയോളും സിറ്റിക്കായി ഗോൾ നേടിയതോടെ അവർ വിജയം ഉറപ്പിച്ചു.
32 മത്സരങ്ങളിൽ നിന്ന് 73 പോയിന്റാണ് മാഞ്ചസ്റ്റർ സിറ്റിക്കുള്ളത്. ഒരു മത്സരം കുറവ് കളിച്ച ആഴ്സണലും ലിവർപൂളും സിറ്റിക്ക് തൊട്ടു പിറകിൽ ഉണ്ട്. ലൂടൺ ടൗൺ 25 പോയിന്റുമായി 18-ാം സ്ഥാനത്ത് തുടരുന്നു.