ഇത്തിഹാദിൽ ഇഞ്ച്വറി ടൈമിൽ മാഞ്ചസ്റ്റർ സിറ്റി നിലത്ത്, ആഴ്സണൽ ലോകകപ്പ് കഴിയും വരെ ഒന്നാമതെന്ന് ഉറപ്പായി

ബ്രെന്റ്ഫോർഡ് പ്രീമിയർ ലീഗിലേക്ക് എത്തിയത് മുതൽ വലിയ ടീമുകളെ ഞെട്ടിക്കാനും നല്ല ഫുട്ബോൾ കളിക്കാനും മറന്നിട്ടേയില്ല. ഇന്ന് മാഞ്ചസ്റ്ററിൽ ചെന്ന് ലീഗ് ചാമ്പ്യന്മാരായ സിറ്റിയെ തോൽപ്പിച്ചതും അത്തരം ഒരു പ്രകടനമായിരുന്നു. 2-1 എന്ന സ്കോറിലാണ് സിറ്റിയെ ഇന്ന് ബ്രെന്റ്ഫോർഡ് തോൽപ്പിച്ചത്. അതും ഒരു ഇഞ്ച്വറി ടൈം ഗോളിൽ.

Picsart 22 11 12 20 07 11 461

ഈ സീസണിൽ വകിയ ടീമുകളെ ഒക്കെ ഞെട്ടിച്ച് ശീലിച്ച ബ്രെന്റ്ഫോർഡ് ഇന്ന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കും വലിയ തലവേദന ആയി. നന്നായി ഡിഫൻഡ് ചെയ്തും ഒപ്പം കൗണ്ടർ അറ്റാക്ക് ചെയ്തും ബ്രെന്റ്ഫോർഡ് ഇന്ന് ആദ്യ പകുതിയിൽ മികച്ചു നിന്നു. മത്സരത്തിന്റെ പതിനാറാം മിനുട്ടിൽ ഐവാൻ ടോണിയുടെ ഒരു ഹെഡർ മാഞ്ചസ്റ്റർ സിറ്റിയെ കീഴ്പ്പെടുത്തി വലയിൽ എത്തി. സ്കോർ 1-0.

ഈ ഗോളിന് ശേഷവും സിറ്റി പതിവ് താളം കണ്ടെത്താൻ പ്രയാസപ്പെട്ടു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് യുവതാരം ഫിൽ ഫോഡന്റെ ഒരു നല്ല സ്ട്രൈക്ക് മാഞ്ചസ്റ്റർ സിറ്റിക്ക് സമനില നൽകി.

20221112 200616

രണ്ടാം പകുതിയിൽ മത്സരത്തിന്റെ ഗതി അതുപോലെ തുടർന്നു. കൂടുതൽ അറ്റാക്കിലേക്ക് സിറ്റി തിരിഞ്ഞു. ഡിഫൻസ് ബ്രേക്ക് ചെയ്യാൻ ആകാത്തതോടെ സിറ്റി ലോങ് ഷോട്ടുകൾ തൊടുക്കേണ്ടി വരുന്നതും കാണാൻ ആയി. ലീഡെടുക്കാൻ ഏറ്റവും നല്ല അവസരം ലഭിച്ചത് ഗുണ്ടോഗനായിരുന്നു. ഹാളണ്ടുമായി വൺ ടച്ച് കളിച്ചു മുന്നേറിയ ഗുണ്ടോഗന് ഒരു സുവർണ്ണാവസരം ലഭിച്ചു എങ്കിലും പന്ത് ടാർഗറ്റിലേക്ക് പോലും പോയില്ല.

മത്സരത്തിൽ സിറ്റി വിജയ ഗോളിനായി ആഞ്ഞു ശ്രമിക്കവെ 98ആം മിനുട്ടിൽ ഒരു ബ്രെന്റ്ഫോർഡ് കൗണ്ടർ, ആ ബ്രേക്കിൽ ഐവൻ ടോണിയുടെ രണ്ടാം ഗോൾ. സിറ്റിയുടെ പരാജയം ഉറച്ച നിമിഷം.

ഈ പരാജയത്തോടെ സിറ്റി 32 പോയിന്റുമായി ലീഗിൽ രണ്ടാമത് തന്നെ നിൽക്കുകയാണ്. ഈ തോൽവി ലോകകപ്പ് കഴിയുന്നത് വരെ ആഴ്സണൽ ലീഗിൽ ഒന്നാമത് നിൽക്കും എന്നും ഉറപ്പിച്ചു. ബ്രെന്റ്ഫോർഡ് 19 പോയിന്റുമായി 10ആം സ്ഥാനത്താണ്‌