മഞ്ചേരിയിൽ മലബാറിയൻസ് അല്ലാതെ ആര്!! മൊഹമ്മദൻസിനെ തോൽപ്പിച്ച് ഗോകുലം കേരള തുടങ്ങി

ഐ ലീഗിന്റെ പുതിയ സീസണ് ഗോകുലത്തിന്റെ വിജയത്തോടെ തുടക്കം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗോകുലം കേരള മൊഹമ്മദൻസിനെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. ഐ ലീഗിൽ കിരീട പോരാട്ടത്തിൽ ഗോകുലത്തിന് ഏറ്റവും വെല്ലുവിളി ആകും എന്ന് കരുതപ്പെടുന്ന മൊഹമ്മദൻസിനെ ആണ് തോൽപ്പിച്ചത്. ഇത് ഗോകുലത്തിന് കിരീട പോരാട്ടത്തിൽ ഭാവിയിൽ മുൻതൂക്കം നൽകും.

Picsart 22 11 12 18 15 06 939

ഇരു ടീമുകളും ഇന്ന് നല്ല ഫുട്ബോൾ കളിക്കുകയും നല്ല അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ആദ്യ പകുതിയിൽ രണ്ട് മികച്ച അവസരങ്ങൾ ഗോകുലത്തിന് ലഭിച്ചു. പക്ഷെ രണ്ട് തവണയും സോതന്മാവിയയുടെ സേവുകൾ മൊഹമ്മദൻസിന് രക്ഷയായി. മാവിയ ഇന്ന് ഗംഭീര പ്രകടനം ഗോൾ വലക്കു മുന്നിൽ കാഴ്ചവെച്ചു. പക്ഷെ അവസാനം മാവിയ തന്നെ ഗോകുലത്തിന് ഗോൾ സമ്മാനിച്ചു.

രണ്ടാം പകുതിയിൽ 55ആം മിനുട്ടിൽ നൂർ നൽകിയ പാസ് സ്വീകരിച്ച് സോമ്ലാഗ തൊടുത്ത ഷോട്ട് പിടിക്കുന്നതിന് ഇടയിൽ മാവിയയുടെ കൈകൾ ചോർന്നു‌. പന്ത് വലയിലും ആയി. സ്കോർ 1-0.

ഗോകുലം 22 11 12 18 15 25 281

ഗോകുലം ഇതിനു ശേഷം രണ്ട് തവണ നൂറിലൂടെ ഗോളിന്റെ അടുത്ത് എത്തിയെങ്കിലും ഗോൾ പിറന്നില്ല. മറുവശത്ത് ശിബിൻരാജ് ഗോകുലത്തിനായും നല്ല സേവുകൾ നടത്തി. ആദ്യ മത്സരത്തിൽ തന്നെ വിജയം സ്വന്തമാക്കാൻ ആയെങ്കിലും കൂടുതൽ ഗോൾ നേടാൻ ആകാത്തത് ഗോകുലത്തിന് ചെറിയ വിഷമം നൽകും.