എറിക് ടെൻ ഹാഗിന് ഇന്ന് ആദ്യ പരീക്ഷണം, ഏറെ പ്രതീക്ഷകളുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങുന്നു

Newsroom

Img 20220807 015441
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ മത്സരമാണ്. ഇന്ന് ഓൾഡ് ട്രാഫോർഡിൽ ബ്രൈറ്റണെ ആകും മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുന്നത്. കഴിഞ്ഞ സീസണിൽ അവസാനം ബ്രൈറ്റണിൽ നിന്ന് 4-0ന്റെ പരാജയം ഏറ്റു വാങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ആ ഓർമ്മകൾ മറന്ന് കൊണ്ടാകും ഇന്ന് ഇറങ്ങുന്നത്. പരിശീലകൻ എറിക് ടെൻ ഹാഗിന്റെ ആദ്യ പരീക്ഷണമാകും ഇത്.
20220807 015353
പ്രീസീസണിൽ ശരാശരി പ്രകടനങ്ങൾ മാത്രമാണ് മാഞ്ചസ്റ്ററിൽ നിന്ന് കണ്ടത്‌. പുതിയ മൂന്ന് സൈനിംഗുകൾ ടീമിൽ എത്തിയിട്ടുണ്ട് എങ്കിലും മധ്യനിരയിൽ ഒരു നല്ല താരത്തെ എത്തിക്കാൻ കഴിയാത്തത് ടീമിനെ തുടക്കത്തിൽ തന്നെ പ്രതിസന്ധിയിൽ ആക്കിയേക്കും. ഇപ്പോഴും മക്ടോമിനെയും ഫ്രെഡും മാത്രമാണ് യുണൈറ്റഡ് മധ്യനിരയിൽ ഉള്ളത്. മധ്യനിരയിൽ നിന്ന് പോയ മാറ്റിചിനും പോഗ്ബയ്ക്കും യുണൈറ്റഡ് പകരക്കാരെയും കണ്ടെത്തിയിട്ടില്ല.

ലിസാൻഡ്രോ മാർട്ടിനസ് എത്തി എങ്കിലും ഇന്ന് യുണൈറ്റഡ് ലിൻഡെലോഫിനെയും മഗ്വയറിനെയും ആദ്യ ഇലവനിൽ ഇറക്കാൻ ആണ് സാധ്യത. മാച്ച് ഫിറ്റ്നസ് ആണ് ഇരുവർക്കും അനുകൂലമാകുന്നത്‌. അറ്റാക്കിൽ മാർഷ്യൽ ഇല്ലാത്തത് കൊണ്ട് ആര് നമ്പർ 9 പൊസിഷനിൽ ഇറങ്ങും എന്നത് വ്യക്തമല്ല. മാച്ച് ഫിറ്റ്നസ് ഇല്ലാത്ത റൊണാൾഡോ ആദ്യ ഇലവനിൽ എത്തിയില്ല എങ്കിൽ റാഷ്ഫോർഡിനാകും ഈ ചുമതല ലഭിക്കുക.

ഇന്ന് വൈകിട്ട് 6.30നാണ് മത്സരം.

Story Highlight: Manchester United vs Brighton preview