രണ്ടു ഗോളിന് പിറകിൽ നിന്ന ശേഷം ശക്തമായി തിരിച്ച് വന്ന് മാഞ്ചസ്റ്റർ സിറ്റിക്ക് പ്രീ സീസണിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ജയം. ജെ-1 ലീഗ് ചാമ്പ്യന്മാരായ യോകോഹാമ എഫ്സിയെ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് സിറ്റി തകർത്തു വിട്ടത്. ജോൺ സ്റ്റോൺസ്, ജൂലിയൻ അൽവാരസ്, റോഡ്രി എന്നിവർ വല കുലുക്കിയപ്പോൾ ഹാലണ്ട് ഇരട്ട ഗോളുകൾ കണ്ടെത്തി. ആൻഡേഴ്‌സൻ ലോപസ്, കെൻ മറ്റ്സുബാര, കെന്റ ഇനോ എന്നിവർ യോകോഹാമക്ക് വേണ്ടിയും വല കുലുക്കി.
കരുത്തരായ സിറ്റിയെ ഞെട്ടിച്ചു കൊണ്ടായിരുന്നു ജാപ്പനീസ് ചാംപ്യന്മാരുടെ തുടക്കം. ഗോൾ രഹിതമായിരുന്നു ആദ്യ അരമണിക്കൂറോളം. പിന്നീട് ബോക്സിനുള്ളിൽ യോകോഹാമ താരം ലോപസിന്റെ ശ്രമം സിറ്റി കീപ്പർ ഓർട്ടെഗ തടുത്തെങ്കിലും വീണ്ടും താരത്തിന്റെ കാലുകളിൽ തന്നെ പന്തെത്തിയപ്പോൾ പിഴച്ചില്ല. പിന്നീട് കാൽവിൻ ഫിലിപ്സിന്റെ ഒരു ഷോട്ട് എതിർ കീപ്പർ തടുത്തു. 37ആം മിനിറ്റിൽ വീണ്ടും സിറ്റിയുടെ വലയിൽ പന്തെത്തി. മറ്റ് സുബാരയാണ് ഇത്തവണ ഗോൾ കണ്ടെത്തിയത്. എന്നാൽ യോകോഹാമയുടെ ആഹ്ലാദത്തിന് നാല് മിനിറ്റ് മാത്രമേ ആയുസുണ്ടായുള്ളൂ. ജൂലിയൻ അൽവാരസിന്റെ പാസിൽ നിന്നും ജോൺ സ്റ്റോൺസ് ആദ്യ ഗോൾ മടക്കി. വെറും രണ്ടു മിനിറ്റിനു ശേഷം എതിർ കീപ്പറുടെ പിഴവിലൂടെ എത്തിയ ബോൾ വലയിൽ എത്തിച്ച് അൽവാരസ് സമനില ഗോളും നേടി. ഇതോടെ ആദ്യ പകുതി സമനിലയിൽ പിരിഞ്ഞു.
രണ്ടാം പകുതിയിൽ ഹാലണ്ട് അടക്കം പത്ത് മാറ്റങ്ങളുമായി സിറ്റി കളത്തിൽ ഇറങ്ങി. 52ആം മിനിറ്റിൽ ഹാലണ്ട് സിറ്റിക്ക് ലീഡ് സമ്മാനിച്ചു. ബോക്സിന് തൊട്ടു വെളിയിൽ നിന്നും ഫോടന്റെ പാസ് സ്വീകരിച്ചു കുതിച്ച താരം അനായാസം വല കുലുക്കി. 72ആം മിനിറ്റിൽ പതിവ് ശൈലിയിൽ ലോങ് റേഞ്ച് ഗോളുമായി റോഡ്രി സിറ്റിക്ക് നാലാം ഗോൾ സമ്മാനിച്ചു. മുഴുവൻ സമയത്തിന് തൊട്ടു മുൻപ് ഇനോ യോകോഹാമയുടെ മറ്റൊരു ആശ്വാസ ഗോൾ നേടി. ഇഞ്ചുറി ടൈമിൽ കാൻസലോയുടെ മികച്ചൊരു അസിസ്റ്റിൽ ഹാലണ്ട് പട്ടിക പൂർത്തിയാക്കി.