ഷെഫീൽഡ് പ്രതിരോധവും മറികടന്ന് മാഞ്ചസ്റ്റർ സിറ്റിക്ക് റെക്കോർഡ് ജയം

മികച്ച പ്രതിരോധം തീർത്ത ഷെഫീൽഡ് യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിന്റെ തലപ്പത്ത് തങ്ങളുടെ ലീഡ് ഉയർത്തി. മത്സരത്തിന്റെ തുടക്കത്തിൽ ഷെഫീൽഡ് പ്രതിരോധം വരുത്തിയ പിഴവ് മുതലെടുത്ത് ഗബ്രിയേൽ ജെസൂസ് ആണ് മത്സരത്തിലെ ഏക ഗോൾ നേടിയത്.

മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ തുടർച്ചയായ 12മത്തെ വിജയമാണ് ഇന്ന് ഷെഫീൽഡ് യൂണൈറ്റഡിനെതിരെ സ്വന്തമാക്കിയത്. ഇത് മാഞ്ചസ്റ്റർ സിറ്റിയുടെ ക്ലബ് റെക്കോർഡ് കൂടിയാണ്. കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ അട്ടിമറിച്ച അതെ പോരാട്ടവീര്യം തന്നെയാണ് ഷെഫീൽഡ് യുണൈറ്റഡ് പുറത്തെടുത്തത്. എന്നാൽ മത്സരത്തിന്റെ തുടക്കത്തിൽ വരുത്തിയ പിഴവ് അവർക്ക് തിരിച്ചടിയാവുകയായിരുന്നു.

മത്സരത്തിന്റെ ഭൂരിഭാഗം സമയവും പന്ത് കൈവശം വെച്ചെങ്കിലും മാഞ്ചസ്റ്റർ സിറ്റിയെ കൂടുതൽ അവസരങ്ങൾ ശ്രിഷ്ട്ടിക്കുന്നതിൽ നിന്ന് തടയാൻ ഷെഫീൽഡ് യൂണൈറ്റഡിനായി. മത്സരത്തിന്റെ അവസാന നിമിഷത്തിൽ രണ്ടാം ഗോൾ നേടാനുള്ള അവസരം ഗബ്രിയേൽ ജെസൂസിനു ലഭിച്ചെങ്കിലും താരത്തിന്റെ ശ്രമം ഷെഫീൽഡ് ഗോൾ കീപ്പർ ആരോൺ റംസ്ഡെയിൽ രക്ഷപ്പെടുത്തുകയും ചെയ്തു.