ഒടുവിൽ ലീഗിൽ റൊണാൾഡോ ആദ്യ പതിനൊന്നിൽ ഇറങ്ങി, എന്നിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡിനു സമനില

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, ന്യൂകാസ്റ്റിൽ യുണൈറ്റഡ് മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. ഏതാണ്ട് വിരസമായ മത്സരത്തിൽ ലഭിച്ച അവസരങ്ങൾ മുതലെടുക്കാൻ ഇരു ടീമുകൾക്കും ആയില്ല. ഒരു ഇടവേളയ്ക്ക് ശേഷം ക്രിസ്റ്റിയാനോ റൊണാൾഡോയെ എറിക് ടെൻ ഹാഗ് ലീഗിൽ ആദ്യ പതിനൊന്നിൽ ഇറക്കിയ മത്സരം ആയിരുന്നു ഇത്.

ആദ്യ പകുതിയിൽ ന്യൂകാസ്റ്റിൽ ആണ് മികച്ചു നിന്നത്. 24 മത്തെ മിനിറ്റിൽ ട്രിപ്പിയറിന്റെ ഫ്രീകിക്കിൽ നിന്നു ലഭിച്ച അവസരത്തിൽ ജോലിന്റണിന്റെ രണ്ടു ഹെഡറുകളിൽ ഒന്നു ബാറിലും മറ്റേത് പോസ്റ്റിലും തട്ടി മടങ്ങുക ആയിരുന്നു. രണ്ടാം പകുതിയിൽ ഉണർന്നു കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിനു ആയി അവസാന നിമിഷങ്ങളിൽ ലഭിച്ച അവസരം പക്ഷെ റാഷ്ഫോർഡിന് മുതലാക്കാൻ ആയില്ല. നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ അഞ്ചാമത് നിൽക്കുമ്പോൾ ന്യൂകാസ്റ്റിൽ യുണൈറ്റഡ് ആറാമത് ആണ്.