രാജകീയം റയൽ, ബാഴ്‌സയെ തകർത്ത് ലീഗ് തലപ്പത്തേക്ക്

Realmadrid

സാന്റിയാഗോ ബെർണബ്യുവിൽ എൽ ക്ലാസിക്കോ ദിനത്തിൽ രാജകീയമായി റയൽ മാഡ്രിഡ്. ബാഴ്‌സയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് അൻസലോട്ടിയും സംഘവും ലീഗ് തലപ്പത്ത് സ്ഥാനമുറപ്പിച്ചു. റയലിനായി ബെൻസിമയും വാൽവേർടെയും റോഡ്രിഗോയും ഗോൾ കണ്ടപ്പോൾ ബാഴ്‌സയുടെ ആശ്വാസ ഗോൾ ഫെറാൻ ടോറസ് നേടി.

മാറ്റങ്ങളോടെയാണ് സാവി ടീമിനെ അണിനിരത്തിയത്. ഇന്ററിനെതിരെ നിറം മങ്ങിയ പിക്വേക്ക് പകരം പരിക്ക് ബേധമായ കുണ്ടേ ടീമിലേക്ക് തിരിച്ചെത്തിയപ്പോൾ ഡിയോങിനേയും ആദ്യ ഇലവനിൽ ഉൾപ്പെടുത്തി. റയൽ നിരയിൽ റൂഡിഗർ ബെഞ്ചിലായിരുന്നു.

ബാഴ്‌സയുടെ മുന്നേറ്റങ്ങളോടെയാണ് മത്സരത്തിന് ആരംഭം കുറിച്ചത്. എന്നാൽ പതിയെ മാഡ്രിഡ് കളി നിയന്ത്രണത്തിലാക്കി.
പതിവ് പോലെ വിനഷ്യസിന്റെ നീക്കം തന്നെ ആയിരുന്നു റയലിന്റെ ഗോളിൽ നിർണായകമായത്. ക്രൂസിന്റെ ത്രൂ ബോൾ ഓടിയെടുത്ത വിനിഷ്യസ് തൊടുത്ത ഷോട്ട് ടെർ സ്റ്റഗൻ തടുത്തെങ്കിലും പന്ത് ലഭിച്ച ബെൻസിമയുടെ ഷോട്ട് തടയാൻ ബാഴ്‌സ ഡിഫെൻസിന് ആയില്ല. മുപ്പയാറാം മിനിറ്റിൽ രണ്ടാം ഗോൾ എത്തി. വിനിഷ്യസ് എത്തിച്ച ബോൾ റയൽ താരങ്ങൾ കൃത്യമായ പദ്ധതിയോടെ ബോക്സിന് പുറത്തു കാത്തിരുന്ന വാൽവേർടെക്ക് അവസരം ഒരുക്കി നൽകി. ഒന്നാന്തരം ഒരു ഷോട്ടിലൂടെ ഉറുഗ്വേ താരം റയലിന് രണ്ടാം ഗോൾ സമ്മാനിച്ചു. രണ്ടു ഗോളിന്റെ ലീഡുമായി റയൽ ആദ്യ പകുതിക്ക് പിരിഞ്ഞു.

രണ്ടാം പകുതിയിൽ റയൽ സാഹസങ്ങൾക്ക് മുതിർന്നില്ല. സ്വാന്തം പകുതിയിൽ ബാഴ്‌സക്ക് പന്ത് തട്ടാൻ അനുവദിച്ച റയൽ എന്നാൽ അപകടങ്ങൾ കൃത്യമായി ഒഴിവാക്കുന്നതിലും ശ്രദ്ധിച്ചു. ഫാറ്റിയുടെയും ഫെറാന്റെയും വരവാണ് ബാഴ്‌സക്ക് ചെറിയ ഊർജം പകർന്നത്. ഫാറ്റിയുടെ മികച്ച ഒരു നീക്കം മാർക്ക് ചെയ്യപ്പെടാതെ നിന്ന ഫെറാന്റെ കാലുകളിൽ എത്തിയപ്പോൾ പോസ്റ്റിന് കാവലായി ആരും ഉണ്ടായിരുന്നില്ല. സ്പാനിഷ് താരം അനായാസം പന്ത് വലയിൽ എത്തിച്ചു. ശേഷം ഫാറ്റിയുടെ ഷോട്ട് പോസ്റ്റിന് തൊട്ടിരുമി കടന്ന് പോയപ്പോൾ ബാഴ്‌സ ആരാധകർ നെടുവീർപ്പിട്ടു. സബ്ബായി എത്തിയ റോഡ്രിഗോയെ എറിക് ഗർഷ്യ ഫൗൾ ചെയ്തതിന് വാർ പരിശോധിച്ച റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടിയപ്പോൾ സമനില നേടാൻ ഉള്ള ബാഴ്‌സയുടെ നേരിയ പ്രതീക്ഷയും പൊലിഞ്ഞു