വോൾവ്സുമായി ചർച്ചകൾ നടത്താൻ ഒടുവിൽ ലോപറ്റ്യുഗി സമ്മതം അറിയിച്ചതായി സൂചന. നേരത്തെ ഓഫറുമായി എത്തിയ വോൾവ്സിനെ തള്ളിയിരുന്ന മുൻ സെവിയ്യ കോച്ച് ഒരു മാസത്തിന് ശേഷം പ്രീമിയർ ലീഗ് ടീമുമായി ചർച്ചകൾ നടത്താൻ സന്നദ്ധനാണെന്നാണ് അറിയുന്നത്. സെവിയ്യയിൽ പുറത്താക്കപ്പെട്ടെങ്കിലും വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് രാജ്യം വിട്ട് പോകാൻ ആഗ്രഹിക്കാതിരുന്നത് കൊണ്ടാണ് വോൾവ്സിന്റെ ഓഫർ അദ്ദേഹം തള്ളിക്കളഞ്ഞിരുന്നത്.
നേരത്തെ ബ്രൂണോ ലെയ്ജിനെ പുറത്താക്കിയ ശേഷം വോൾവ്സിന്റെ ആദ്യ പരിഗണനയിൽ ഉള്ള പരിശീലകനായിരുന്നു ലോപറ്റ്യുഗി. പിന്നീട് ക്യുപിആർ മാനേജർ മിഷേൽ ബായ്ലെയും ടീമിന്റെ ഓഫർ നിരസിച്ചു. തുടർന്ന് താൽക്കാലിക പരിശീലകൻ സ്റ്റീവ് ഡേവിസിന് കീഴിൽ തന്നെ സീസൺ പൂർത്തിയാക്കാനുള്ള തീരുമാനം വോൾവ്സ് എടുത്തിരുന്നു. ഇതിന് പിറകെയാണ് അപ്രതീക്ഷിതമായി ലോപറ്റ്യുഗി വീണ്ടും ചിത്രത്തിലേക്ക് വരുന്നത്. ചർച്ചകൾ പുരോഗമിക്കുന്ന മുറക്ക് സ്പാനിഷ് പരിശീലകനെ എത്തിക്കാൻ ആവും എന്ന പ്രതീക്ഷയിലാണ് വോൾവ്സ്.