പ്രീമിയർ ലീഗിൽ ഏഴാം മത്സരത്തിലും ജയിച്ചു കയറി ലിവർപൂൾ. അൽപം വിയർത്തെങ്കിലും ഷെഫീൽഡ് യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് ക്ളോപ്പിന്റെ ടീം ലീഗിലെ നൂറ് ശതമാനം ജയം എന്ന റെക്കോർഡ് നിലനിർത്തിയത്. ഷെഫീൽഡ് ഗോളി ഹെൻഡേഴ്സൻ വരുത്തിയ വൻ പിഴവാണ് ലിവർപൂളിന് ഗോൾ സമ്മാനിച്ചത്.
ലിവർപൂൾ ആക്രമണ നിരക്ക് എതിരെ ഷെഫീൽഡ് തികച്ചും പ്രധിരോധത്തിൽ നിൽകുമെന്നാണ് പ്രതീക്ഷിച്ചെതെങ്കിലും ആദ്യ പകുതിയിൽ ഏതാനും മികച്ച അവസരങ്ങൾ സൃഷ്ടിക്കാൻ ഷെഫീൽഡ് യുണൈറ്റഡിന് സാധിച്ചു. ലിവർപൂൾ ആകട്ടെ സാഡിയോ മാനേക്ക് ലഭിച്ച 2 സുവർണാവസരങ്ങൾ താരം നഷ്ടപെടുത്തിയത് അവർക്കും തിരിച്ചടിയായി. ആദ്യ പകുതി അവസാനിച്ചപ്പോൾ ഷെഫീൽഡ് ഗോളിലേക്ക് ഒരു ഷോട്ട് മാത്രമാണ് ലിവർപൂളിന് പായിക്കാനായത്.
രണ്ടാം പകുതിയിലും ലിവർപൂളിനെ വിറപ്പിക്കാൻ ഷെഫീൽഡിന് ആയെങ്കിലും ഗോളി ഹെൻഡേഴ്സൻ വരുത്തിയ മണ്ടത്തരം അവർ 70 മിനുട്ട് നടത്തിയ ശ്രമങ്ങൾ വെറുതെയാക്കി. വൈനാൽഡത്തിന്റെ ഷോട്ട് ഹെൻഡേഴ്സന് തടുക്കാനാവാതെ പോയതോടെ ലിവർപൂൾ വിജയ ഗോൾ നേടി. പക്ഷെ പിന്നീട് സലായുടെ മികച്ച ഷോട്ട് തടുത്ത് താരം ഷെഫീൽഡിന്റെ രക്ഷക്ക് എത്തി. 85 ആം മിനുട്ടിൽ സമനില കണ്ടെത്താൻ മികച്ചൊരു അവസരം ഷെഫീൽഡിന് ലഭിച്ചെങ്കിലും ക്ലാർക്കിന്റെ ഷോട്ട് വലയിൽ എത്തിയില്ല.