ആൻഫീൽഡിൽ ന്യൂ കാസിലിനെയും വീഴ്ത്തി, റെക്കോർഡ് ജയവുമായി ലിവർപൂൾ

ആൻഫീൽഡിൽ ന്യൂ കാസിലിന്റെ വെല്ലുവിളി മറികടന്ന് ലിവർപൂൾ പ്രീമിയർ ലീഗിൽ ഈ സീസണിലെ നൂറ് ശതമാനം എന്ന റെക്കോർഡ് നിലനിർത്തി. 3-1 നാണ് ക്ളോപ്പിന്റെ ടീം ജയിച്ചു കയറിയത്. സാഡിയോ മാനെയുടെ ഇരട്ട ഗോളുകളും, സലായുടെ ഗോളുമാണ് ന്യൂ കാസിലിന് ജയം ഒരുക്കിയത്. ജയത്തോടെ 15 പോയിന്റുള്ള ലിവർപൂൾ ഒന്നാം സ്ഥാനത്ത് തുടരും. ന്യൂകാസിൽ 16 ആം സ്ഥാനത്താണ്. പ്രീമിയർ ലീഗ് ചരിത്രത്തിൽ തുടർച്ചയായ 14 മത്സരങ്ങളിൽ ഓരോ മത്സരത്തിലും 2 ഗോളോ അധികമോ നേടി ജയിക്കുന്ന ആദ്യ ടീം എന്ന റെക്കോർഡും ലിവർപൂൾ സ്വന്തമാക്കി.

ആദ്യ പകുതിയിൽ ന്യൂ കാസിൽ അപ്രതീക്ഷിത ലീഡ് നേരത്തെ തന്നെ എടുത്തു. കളിയുടെ 7 ആം മിനുട്ടിൽ അട്സുവിന്റെ പാസിൽ നിന്ന് കരുത്തുറ്റ ഷോട്ടിലൂടെ ജെട്രോ വില്യംസ് ആണ് സ്റ്റീവ് ഭ്രൂസിന്റെ ടീമിനെ മുന്നിൽ എത്തിച്ചത്. ഗോൾ വഴങ്ങിയ ശേഷമാണ് ലിവർപൂൾ കളിയിൽ താളം കണ്ടെത്തിയത്. തുടർച്ചയായി ന്യൂ കാസിൽ ഗോൾ മുഖം ആക്രമിച്ച അവരെ 28 ആം മിനുട്ടിൽ മാനെ ഒപ്പമെത്തിച്ചു. പിന്നീട് 40 ആം മിനുട്ടിൽ ന്യൂ കാസിൽ ഗോളിയുടെ പിഴവ് മുതലാക്കി വീണ്ടും മാനെ വല കുലുക്കിയതോടെ ആദ്യ പകുതിയിൽ ലിവർപൂൾ ലീഡ് എടുത്തു.

രണ്ടാം പകുതിയിൽ ലീഡ് ഉയർത്താൻ ലിവർപൂൾ നിരന്തരം ആക്രമിച്ചപ്പോൾ ഗോളി ഡുബ്‌റാവ്കയുടെ മികച്ച ഗോളുകളാണ് ലിവർപൂളിന്റെ രക്ഷക്ക് എത്തിയത്. പക്ഷെ 72 ആം മിനുട്ടിൽ ഫിർമിനോയുടെ പാസ്സ് സ്വീകരിച്ച സലാ പന്ത് വലയിലാക്കിയതോടെ ന്യൂ കാസിലിന്റെ സമനില എന്ന പ്രതീക്ഷയും അസ്തമിച്ചു.