ബെൻസീമയ്ക്ക് ഇരട്ട ഗോൾ, ലെവന്റെ തിരിച്ചടിയിൽ നിന്ന് രക്ഷപ്പെട്ട് റയൽ മാഡ്രിഡ്

റയൽ മാഡ്രിഡ് വീണ്ടും വിജയ വഴിയിൽ. ഇന്ന് ലാലിഗയിൽ നടന്ന മത്സരത്തിൽ ലെവന്റെയെ ആണ് റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു റയലിന്റെ വിജയം. ഒരു ഘട്ടത്തിൽ 3-0ന് മുന്നിൽ എത്തിയിരുന്ന റയലിനെ ശക്തമായ തിരിച്ചടിയിലൂടെ വിറപ്പിക്കാൻ ലെവന്റെയ്ക്കായി. മത്സരം വിജയിച്ചു എങ്കിലും സിദാന് തൃപ്തി നൽകുന്നതായിരിക്കില്ല റയൽ വഴങ്ങിയ രണ്ട് ഗോളുകൾ‌.

മത്സരം മികച്ച രീതിയിൽ തുടങ്ങിയ റയൽ മാഡ്രിഡ് ബെൻസീമയുടെ ഇരട്ട ഗോളുകളോടെ കളിയ ആധിപത്യം ഉറപ്പിച്ചതായിരുന്നു. 25, 31 മിനുട്ടുകളിൽ ആയിരുന്നു ബെൻസീമയുടെ ഗോളുകൾ. ബെൻസീമയ്ക്ക് ഇതോടെ ഈ സീസണിൽ ലീഗിൽ നാലു ഗോളുകളായി. നാൽപ്പതാം മിനുട്ടിൽ വിനീഷ്യസിന്റെ അസിസ്റ്റിൽ നിന്ന് കസമേറോ റയലിന്റെ മൂന്നാം ഗോളും നേടി.

പിന്നീട് ആയിരുന്നു ലെവന്റെയുടെ തിരിച്ചടി. 49ആം മിനുട്ടിൽ മെയ്റോളും 75ആം മിനുട്ടിൽ മെലേറോയുമാണ് ലെവന്റെയുടെ ഗോളുകൾ നേടിയത്. ലെവന്റെ ഓൺ ടാർഗറ്റിലേക്ക് തൊടുത്തത് ഈ രണ്ട് ഷോട്ടുകൾ മാത്രമായിരുന്നു. കളിയുടെ രണ്ടാം പകുതിയിൽ ഹസാർഡ് റയലിനായി അരങ്ങേറ്റം നടത്തി. ഈ വിജയത്തോടെ റയൽ മാഡ്രിഡ് ലീഗിൽ രണ്ടാമത് എത്തി.