ആൻഫീൽഡിൽ ടേബിൾ ടോപ്പേഴ്‌സ് ഏറ്റു മുട്ടിയപ്പോൾ ആഴ്സണലിന് എതിരെ ലിവർപൂളിന് അനായാസ ജയം. ഒന്നിനെതിരെ 3 ഗോളുകൾക്കാണ് ക്ളോപ്പിന്റെ ടീം ജയിച്ചു കയറിയത്. ഇന്നത്തെ ജയത്തോടെ പ്രീമിയർ ലീഗിൽ ആദ്യത്തെ 3 മത്സരങ്ങളും ജയിച്ച ഏക ടീമായി ലിവർപൂൾ. 9 പോയിന്റുള്ള അവർ ലീഗിൽ ഒന്നാമതാണ്.
ക്ലബ്ബ് റെക്കോർഡ് സൈനിംഗ് നിക്കോളാസ് പെപ്പയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാണ് എമറി ഇന്ന് ആഴ്സണലിനെ ഇറക്കിയത്. മത്സരം തുടങ്ങിയത് മുതൽ ലിവർപൂൾ പന്ത് കൂടുതൽ കൈവശം വച്ചപ്പോൾ ആഴ്സണലിന് പ്രതിരോധത്തിൽ തന്നെ തുടരേണ്ടി വന്നു. പക്ഷെ ലഭിച്ച അവസരങ്ങളിൽ മികച്ച കൗണ്ടർ അറ്റാക്കിങ് ശൈലിയിലൂടെ ആഴ്സണൽ ലിവർപൂൾ ഗോൾ മുഖം വിറപ്പിച്ചു. ഫിനിഷിങ്ങിൽ വരുത്തിയ പിഴവുകൾ മാത്രമാണ് ഒബാമയാങ്, നിക്കോളാസ് പെപെ എന്നിവർക്ക് ഗോൾ നേടാനാവാതെ പോയത്. 41 ആം മിനുട്ടിൽ അലക്‌സാണ്ടർ അർണോൾഡിന്റെ കോർണറിൽ നിന്ന് ജോയൽ മാറ്റിപ്പാണ് ആദ്യ ഗോൾ നേടിയത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ആഴ്സണലിന് എതിരെ റഫറി പെനാൽറ്റി വിധിച്ചു. സലാഹിനെ ഡേവിഡ് ലൂയിസ് ഷർട്ടിൽ പിടിച്ചു വലിച്ചതിനാണ് റഫറി ലിവർപൂളിന് പെനാൽറ്റി നൽകിയത്. കിക്കെടുത്ത സലാ പിഴവ്വ് ഒന്നും കൂടാതെ പന്ത് വലയിലാക്കി. സ്കോർ 2-0.
59 ആം മിനുട്ടിൽ സലാ വീണ്ടും ഗോൾ നേടി. ഇത്തവണയും ഡേവിഡ് ലൂയിസ് വരുത്തിയ പിഴവിൽ നിന്നാണ് സലായുടെ ഗോൾ പിറന്നത്. 84 ആം മിനുട്ടിൽ ടോറേര ഒരു ഗോൾ ആഴ്സണലിനായി മടക്കിയെങ്കിലും സമയം ഏറെ വൈകിയിരുന്നു.