ആദ്യം ലീഡ്സ് ഞെട്ടിച്ചു, പിന്നെ മാഞ്ചസ്റ്ററിന്റെ തിരിച്ചടി!!

Newsroom

Picsart 23 02 09 03 33 24 876

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ലീഡ്സ് യുണൈറ്റഡും തമ്മിൽ നടന്നത് ഒരു ക്ലാസിക് പോരാട്ടം ആയിരുന്നു. രണ്ട് ഗോളിന് പിറകിൽ നിന്ന ശേഷം ടെൻ ഹാഹിന്റെ ടീമിന്റെ ഒരു ക്ലാസിക് തിരിച്ചുവരവ് കാണാൻ ഓൾഡ്ട്രാഫോർഡിലെ ഫുട്ബോൾ പ്രേമികൾക്ക് ആയി. 2-2 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്.

Picsart 23 02 09 03 34 00 940

രണ്ട് പകുതികളുടെ ആദ്യ മിനുട്ടുകളിൽ പ്രഹരിച്ചാണ് ലീഡ്സ് യുണൈറ്റഡ് ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ വേദനിപ്പിച്ചത്. മത്സരത്തിന്റെ ഒന്നാം മിനുട്ടിൽ വിൽഫ്രഡ് ഗ്നോന്റോയുടെ ഗോളിൽ ആണ് ലീഡ്സ് ലീഡ് എടുത്തത്. ഈ ഗോളിന് തിരിച്ചടിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ പകുതിയിൽ പരമാവധി ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു സെൽഫ് ഗോളിലൂടെ ലീഡ്സ് രണ്ടാം ഗോൾ കൂടെ നേടിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയം മുന്നിൽ കണ്ടു.

ഉടനെ തന്നെ ടെൻ ഹാഗ് പെലിസ്ട്രിയെയും സാഞ്ചോയെയും കളത്തിൽ എത്തിച്ചു. പുതിയ താരങ്ങൾ വന്നത് ഫലം ഉണ്ടാക്കി. പെലെസ്ട്രി പ്രധാന പങ്കുവെച്ച നീക്കത്തിൽ ഡാലോട്ടിന്റെ ഒരു ക്രോസിൽ നിന്ന് മാർക്കസ് റാഷ്ഫോർഡ് യുണൈറ്റഡിന് ആയി ഒരു ഗോൾ മടക്കി. റാഷ്ഫോർഡിന്റെ ഓൾഡ്ട്രാഫോർഡ് ഗ്രൗണ്ടിൽ തുടർച്ചയായ ആറാം ലീഗ് മത്സരത്തിലെ ഗോളായിരുന്നു ഇത്.

മാഞ്ചസ്റ്റർ 23 02 09 03 33 43 914

യുണൈറ്റഡ് സമനില ഗോളിനായുള്ള പോരാട്ടം തുടങ്ങി. രണ്ടാം ഗോൾ ടെൻ ഹാഗിന്റെ സബ്സ്റ്റുട്യൂട്ടായ സാഞ്ചോയുടെ വക. 70ആം മിനുട്ടിൽ ഇടതു വശത്തു കൂടെ വന്ന നീക്കം സാഞ്ചോയുടെ ഷോട്ടിലൂടെ ഗോളായി മാറി. സ്കോർ 2-2. ഫിറ്റ്നസ് വീണ്ടെടുത്ത് വന്ന സാഞ്ചോയുടെ ആദ്യ ഗോൾ.

76ആം മിനുട്ടിൽ ബ്രൂണോയുടെ ക്രോസിൽ നിന്നുള്ള ഒരു ഹെഡറ്റ് ലീഡ്സ് കീപ്പർ സമർത്ഥമായി തടഞ്ഞിട്ടു. പിന്നീടും യുണൈറ്റഡ് നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും വിജയ ഗോൾ മാത്രം വന്നില്ല. ഈ സമനിലയോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 43 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്.