ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി വിജയത്തിൽ കുറഞ്ഞതൊന്നും എടുക്കുന്നില്ല. അവർ ഇന്ന് ലീഗിലെ നാലാം മത്സരത്തിലും വിജയിച്ചു. ഇന്ന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ച് ഫുൾഹാമിനെ നേരിട്ട മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ അഞ്ചു ഗോളിനാണ് വിജയിച്ചത്. ഹാട്രിക്ക് ഗോളും ഒരു അസിസ്റ്റുമായി ഹാളണ്ട് സിറ്റിയുടെ ഹീറോ ആയി.
ഇന്ന് മത്സരത്തിന്റെ 31ആം മിനുട്ടിൽ ഹൂലിയൻ ആൽവാരസിലൂടെയാണ് മാഞ്ചസ്റ്റർ സിറ്റി ലീഡ് എടുത്തത്. ഹാളണ്ടിന്റെ പാസിൽ നിന്നായിരുന്നു ആൽവരസിന്റെ ഗോൾ. ഈ ഗോളിന് 33ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് ടിം റീം മറുപടി നൽകി. സ്കോർ 1-1.
ആദ്യ പകുതിയുടെ അവസാനം ഒരു വിവാദ ഗോളിൽ സിറ്റി ലീഡ് തിരിച്ചുപിടിച്ചു. നതാൻ ഏകെയുടെ ഹെഡർ വലയിൽ എത്തി എങ്കിലും ഓഫ്സൈഡ് പൊസിഷനിൽ ഉണ്ടായിരുന്ന അകാഞ്ചിയുടെ സാന്നിദ്ധ്യം ആ ഗോളിനെ സ്വാധീനിച്ചിരുന്നു. പക്ഷെ വാർ സിറ്റിക്ക് ഗോൾ അനുവദിച്ചു. സ്കോർ 2-1.
രണ്ടാം പകുതിയിൽ സിറ്റി കളി കൂടുതൽ മെച്ചപ്പെടുത്തി. 58ആം മിനുട്ടിൽ ആൽവരിസിന്റെ അസിസ്റ്റിൽ ഹാളണ്ട് ഗോൾ കണ്ടെത്തി. സ്കോർ 3-1. 10 മിനുട്ട് കഴിഞ്ഞു ഒരു പെനാൾട്ടിയിലൂടെ ഹാളണ്ടിന്റെ രണ്ടാം ഗോളും വന്നു. സ്കോർ 4-1. മത്സരത്തിന്റെ ഇഞ്ച്വറി ടൈമിൽ ഹാളണ്ട് തന്റെ ഹാട്രിക്കും കണ്ടെത്തി.
ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി നാലു മത്സരത്തിൽ നിന്ന് 12 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഫുൾഹാം 4 പോയിന്റുമായി 13ആം സ്ഥാനത്തും നിൽക്കുന്നു.