ഹാലണ്ടിന്റെ ഗോൾ യോഹാൻ ക്രൈഫിനെ ഓർമ്മിപ്പിക്കുന്നത് : ഗ്വാർഡിയോള

20220915 193942

ഡോർട്മുണ്ടിനെതിരെ ഹാലണ്ട് നേടിയ ഗോൾ ഇതിഹാസ താരം യോഹാൻ ക്രൈഫ് നേടിയ ഗോളിനെ ഓർമിപ്പിക്കുന്നതാണെന്ന് പെപ് ഗ്വാർഡിയോള. ക്യാമ്പ്ന്യൂവിൽ വെച്ച് 1973 ലാണ് യോഹാൻ ക്രൈഫ് ആക്രോബാറ്റിക് ഗോൾ നേടിയിരുന്നത്. ഈയിടെ ബാഴ്‌സലോണ ഈ ഗോൾ എൻഎഫ്റ്റി രൂപത്തിൽ വിൽപ്പനക്ക് വെച്ചിരുന്നു. “തന്റെ അദ്ധ്യാപകനും വഴികാട്ടിയും എല്ലാം ആയിരുന്നു ക്രൈഫ്” പെപ് പറഞ്ഞു, “അത്ലറ്റികോക്കെതിരെ അദ്ദേഹം ഇത്തരത്തിൽ ഒരു ഗോൾ നേടിയിരുന്നു. ഹാലണ്ടിന്റെ ഗോൾ കണ്ട ആ നിമിഷം തന്റെ മനസിലേക്ക് വന്നതും യോഹാൻ ക്രൈഫിന്റെ ആ ഗോൾ ആയിരുന്നു.” ഡോർമുണ്ടിനെതിരെ ആദ്യം പതറി ലീഡ് വഴങ്ങിയ സിറ്റി പിന്നീട് സ്റ്റോൺസിന്റെയും ഹാലണ്ടിന്റെയും എണ്ണം പറഞ്ഞ ഗോളുകളിലൂടെ ശക്തമായി മത്സരത്തിലേക്ക് തിരിച്ചു വരികയായിരുന്നു. സ്‌ലാട്ടൻ ഇബ്രാഹിമോചിനെ പോലെ മെയ് വഴക്കമുള്ള താരമാണ് ഹാലണ്ട് എന്നും കൂടാതെ എപ്പോഴും ഗോൾ കണ്ടെത്താൻ അദ്ദേഹത്തിന് സാധിക്കും എന്നും പെപ് കൂട്ടിച്ചേർത്തു.