ജർമ്മനിയിലെ പുലി ഇംഗ്ലണ്ടിൽ എത്തിയപ്പോൾ എലി, മാഞ്ചസ്റ്ററിൽ സാഞ്ചോയുടെ കിതപ്പ്

ബുണ്ടസ് ലീഗയിൽ ഡോർട്മുണ്ടിനായി അത്ഭുതങ്ങൾ കാണിച്ച ജേഡൻ സാഞ്ചോയ്ക്ക് ഇംഗ്ലണ്ടിലേക്കുള്ള തിരിച്ചുവരവ് അത്ര സുഖകരമായ അനുഭവമല്ല ഇതുവരെ. വൻ തുകയ്ക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിയ സാഞ്ചോയ്ക്ക് താൻ ഭയന്ന ഏറ്റവും മോശം തുടക്കമാണ് മാഞ്ചസ്റ്ററിൽ ലഭിച്ചിരിക്കുന്നത്. മാഞ്ചസ്റ്ററിനായി 10 മത്സരങ്ങൾ ഇതുവരെ കളിച്ചിട്ട് ഒരു ഗോളോ ഒരു അസിസ്റ്റോ സംഭാവന ചെയ്യാൻ സാഞ്ചോയ്ക്ക് ആയിട്ടില്ല. ഡോർട്മുണ്ടിനായി ഒരു മത്സരത്തിൽ ഒരു ഗോൾ കോണ്ട്രിബ്യുഷൻ എങ്കിലും ശരാശരി നൽകിയിരുന്ന താരമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിൽ വിയർക്കുന്നത്.

ഗോളോ അസിസ്റ്റോ എന്നത് മാത്രമല്ല ഇതുവരെ ഒരു നല്ല പ്രകടനം വരെ സാഞ്ചോയിൽ നിന്ന് ഉണ്ടായിട്ടില്ല. ജർമ്മനിയിൽ തിളങ്ങി നിൽക്കുന്ന താരങ്ങൾ ഇംഗ്ലണ്ടിൽ എത്തുമ്പോൾ മുമ്പും സംഭവിച്ചിട്ടുള്ള കാര്യമാണ് സാഞ്ചോയുടെ കാര്യത്തിലും സംഭവിക്കുന്നത്. ഇംഗ്ലണ്ടിലെ വേഗതയോടും ഫിസിക്കൽ ചാലഞ്ചുകളോടും പിടിച്ചു നിൽക്കാൻ ബുണ്ടസ് ലീഗയിൽ നിന്ന് വരുന്ന താരങ്ങൾ കഷ്ടപ്പെടാറുണ്ട്. കഴിഞ്ഞ സീസണിൽ വെർണറും ഹവേർട്സും ചെൽസിക്കായി താളം കണ്ടെത്താൻ കഷ്ടപ്പെട്ടിരുന്നു‌. മുമ്പ് ബുണ്ടസ് ലീഗിലെ മികച്ച താരങ്ങളായിരിക്കെ പ്രീമിയർ ലീഗിൽ എത്തിയ കഗാവയും മികിതാര്യനും ഒക്കെ ഇംഗ്ലീഷ് ഫുട്ബോളുമായി ഇണങ്ങാൻ കഷ്ടപ്പെടുന്നത് മുമ്പ് കണ്ടതാണ്.

എന്നാൽ ഇംഗ്ലണ്ടിൽ തന്നെ കളിച്ചു വളർന്ന സാഞ്ചോയുടെ മോശം ഫോമിന് കാരണം ഒലെയുടെ ടാക്ടിക്സ് ആണെന്നാണ് ഫുട്ബോൾ നിരീക്ഷകർ പറയുന്നത്. സഞ്ചോ മികവ് തെളിയിച്ചിട്ടുള്ള വലതു വിങ്ങിൽ സാഞ്ചോയെ ഇറക്കാൻ പോലും ഒലെ തയ്യാറായിട്ടില്ല. ഗോളടി നിർത്താൻ ആവാത്ത ക്രിസ്റ്റ്യാനോക്ക് പോലും ഒലെയുടെ മാഞ്ചസ്റ്ററിൽ ഫോം കണ്ടെത്താൻ കഴിയുന്നില്ല എന്നതും ഈ പരാജയങ്ങളുടെ എല്ലാം ഭാരം ഒലെയിൽ എത്തിക്കുന്നു.