പ്രീമിയർ ലീഗിൽ അവസാനം ഒരു ജയം കണ്ടത്തി ഫുൾഹാം.
ഈ സീസണിൽ മൂന്നാം മത്സരത്തിലും സമനില വഴങ്ങും എന്നു തോന്നിയ ഫുൾഹാമിനു അവസാന നിമിഷം അലക്‌സാണ്ടർ മിട്രോവിച് ജയം സമ്മാനിക്കുക ആയിരുന്നു. പ്രീമിയർ ലീഗിൽ ആദ്യമായി പരസ്പരം ഏറ്റുമുട്ടിയ ഫുൾഹാം, ബ്രന്റ്ഫോർഡ് ടീമുകൾ മികച്ച ത്രില്ലർ ആണ് ലണ്ടൻ ഡാർബിയിൽ സമ്മാനിച്ചത്. മത്സരത്തിൽ ആദ്യ മിനിറ്റിൽ തന്നെ ഫുൾഹാം ഗോൾ കണ്ടത്തി. സ്റ്റാൻസ്ഫീൽഡിന്റെ ബാറിൽ തട്ടി തിരിച്ചു വന്ന ഷോട്ടിൽ നിന്നു ബോബി റീഡ് ഗോളിന് തൊട്ടു മുന്നിൽ നിന്നു ഗോൾ നേടുക ആയിരുന്നു.
ഇരുപതാം മിനിറ്റിൽ ഫുൾഹാം രണ്ടാം ഗോൾ നേടി. ആന്ദ്രസ് പെരേയ്രായുടെ കോർണറിൽ നിന്നു മികച്ച ഹെഡറിലൂടെ ജാവോ പലീനിയ ക്ലബിന് ആയുള്ള തന്റെ ആദ്യ ഗോൾ നേടുക ആയിരുന്നു. ആദ്യ പകുതിക്ക് തൊട്ടു മുമ്പ് ബ്രന്റ്ഫോർഡ് എന്നാൽ മത്സരത്തിൽ തിരിച്ചു വന്നു. ബുദ്ധിപൂർവ്വം എടുത്ത കോർണറിൽ നിന്നു ബ്രന്റ്ഫോർഡ് 44 മിനിറ്റിൽ ഗോൾ നേടുക ആയിരുന്നു. ജെൻസന്റെ മികച്ച പാസ് നോർഗാർഡ് ഗോളിലേക്ക് തിരിച്ചു വിടുക ആയിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇവാൻ ടോണി സമനില ഗോൾ നേടിയെങ്കിലും വാർ ഇത് ഓഫ് സൈഡ് ആണെന്ന് കണ്ടത്തി.
71 മത്തെ മിനിറ്റിൽ എന്നാൽ ടോണി ബ്രന്റ്ഫോർഡിനു സമനില ഗോൾ സമ്മാനിച്ചു. വിസയുടെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ ടോണി രണ്ടു ഓഫ് സൈഡ് ഗോളുകൾക്ക് ശേഷം ബ്രന്റ്ഫോർഡിനു അർഹിച്ച സമനില സമ്മാനിച്ചു. കയ്യിൽ ഇരുന്ന ജയം കൈവിട്ടു പോയെന്ന് ഫുൾഹാം കരുതിയ നേരത്ത് 90 മത്തെ മിനിറ്റിൽ അലക്സാണ്ടർ മിട്രോവിച് അവതരിക്കുന്നത് ആണ് കാണാൻ ആയത്. കഴിഞ്ഞ മത്സരത്തിൽ പെനാൽട്ടി പാഴാക്കിയ സെർബിയൻ താരം പകരക്കാരനായി ഇറങ്ങിയ കെവിൻ ബാബുവിന്റെ ക്രോസിൽ നിന്നു ഉയർന്നു ചാടി അതുഗ്രൻ ഹെഡറിലൂടെ ഫുൾഹാമിനു ജയം സമ്മാനിക്കുക ആയിരുന്നു. കളിച്ച മൂന്നു കളികളിൽ 2 സമനിലയും ഒരു ജയവുമായി മികച്ച തുടക്കം ആണ് ലീഗിൽ മാർകോസ് സിൽവയുടെ ടീമിന് ലഭിച്ചത്. 2014 നു ശേഷം ഇത് ആദ്യമായാണ് ഒരു ലണ്ടൻ ഡാർബി ഫുൾഹാം ജയിക്കുന്നത്.
Story Highlight : Mitrovic gave Fulham 90th minute win against Brentford in a london derby thriller in Premier League.