വാട്ഫോർഡിന്റെ കസേരക്കളി, ഫ്ലോറസ് വീണ്ടും പരിശീലകൻ

Wasim Akram

പരിശീലകൻ ജാവി ഗാർസിയയെ പുറത്താക്കിയതിന് പിന്നാലെ മണിക്കൂറുകൾക്ക് അകം പുതിയ പരിശീലകനെ കണ്ടെത്തി പ്രീമിയർ ലീഗ് ക്ലബ് വാട്ഫോർഡ്. തിരിച്ച് പ്രീമിയർ ലീഗിലേക്ക് എത്തിയപ്പോൾ ടീമിനെ പരിശീലിപ്പിച്ച പഴയ പരിശീലകൻ കുക്വ സാഞ്ചസ് ഫ്ലോറസ് ആണ് ടീമിന്റെ പുതിയ പരിശീലകൻ ആയി സ്ഥാനമേറ്റത്. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം നടത്തിയ വാട്ഫോർഡ് എഫ്.എ കപ്പ് ഫൈനലിലും എത്തിയിരുന്നു. എന്നാൽ സീസൺ തുടക്കത്തിലെ മോശം പ്രകടനം ആണ് ഗാർസിയയെ പുറത്താക്കാൻ ക്ലബ് പറയുന്ന കാരണം.

വെറും 4 മത്സരങ്ങൾ ലീഗിൽ പൂർത്തിയായപ്പോൾ അവസാനസ്ഥാനത്ത് ആണ് വാട്ഫോർഡ് പ്രീമിയർ ലീഗിൽ ഇപ്പോൾ. എന്നും പരിശീലകരെ നിരന്തരം മാറ്റുന്നതിൽ കുപ്രസിദ്ധി നേടിയ ക്ലബ് ആണ് വാട്ഫോർഡ്. ആദ്യ സീസണിൽ മികച്ച പ്രകടനം നടത്തിയിട്ടും ഫ്ലോറസ് ക്ലബ് വിട്ടതും പിന്നീട് മികച്ച പ്രകടനം നടത്തിയിട്ടും മാർക്കോസ് സിൽവക്കു ജോലി നഷ്ടമായതും ഇപ്പോൾ ഗാർസിയയുടെ പുറത്ത് പോക്ക് അടക്കം ഒക്കെ സമീപകാല അനുഭവങ്ങൾ ആണ്. സ്പാനിഷ് ലാ ലീഗയിൽ മലാഗ അടക്കം നിരവധി ക്ലബുകളെ പരിശീലിപ്പിച്ച ഫ്ലോറസ് ക്ലബിലെ ഈ മടങ്ങി വരവിൽ എത്ര കാലം നിൽക്കും എന്നു കണ്ടറിയണം.