ഹാരി കെയ്ന് ഹാട്രിക്ക്, ഇംഗ്ലണ്ടിന് ഗംഭീര വിജയം

യൂറോ കപ്പ് യോഗ്യതാ മത്സരത്തിൽ ഇംഗ്ലണ്ടിന് ഗംഭീര വിജയം. ഇന്ന് വെംബ്ലിയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് ബൾഗേറിയയെ ആണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. ക്യാപ്റ്റൻ ഹരി കെയ്നിന്റെ ഹാട്രിക്കാണ് ഇംഗ്ലണ്ടിന് ഇത്ര വലിയ വിജയം നൽകിയത്. ഇന്നത്തെ ഹാട്രിക്കോടെ ഇംഗ്ലണ്ട് ജേഴ്സിയിൽ ഹാരി കെയ്ൻ 25 ഗോൾ എന്ന നേട്ടത്തിൽ എത്തി.

കെയിനിന്റെ മൂന്ന് ഗോളുകളിൽ രണ്ടു പെനാൾട്ടിയിലൂടെ ആയിരുന്നു. 24, 49, 73 മിനുട്ടുകളിൽ ആയിരുന്നു കെയ്നിന്റെ ഗോളുകൾ. റഹീം സ്റ്റെർലിംഗ് ആണ് ഇംഗ്ലണ്ടിന്റെ മൂന്നാം ഗോൾ നേടിയത്. യൂറോ കപ്പ് യോഗ്യതാ ഗ്രൂപ്പിൽ ഈ വിജയത്തോടെ ഇംഗ്ലണ്ട് ഒന്നാമത് എത്തി. മൂന്നു മത്സരങ്ങളിൽ മൂന്ന് വിജയവുമായി 9 പോയന്റാണ് ഇംഗ്ലണ്ടിനുള്ളത്. അഞ്ചിൽ മൂന്നും പരാജയപ്പെട്ട ബൾഗേറിയ നാലാം സ്ഥാനത്താണ് ഉള്ളത്.