വിമാനാപകടത്തിൽ മരിച്ച കാർഡിഫ് സ്‌ട്രൈക്കർ എമിലിയാനോ സലയുടെ ട്രാൻസ്ഫർ തുക തർക്കം ഫിഫ തീർപ്പാക്കി. ഇത് പ്രകാരം കാർഡിഫ് ഫ്രഞ്ച് ക്ലബ്ബ് നാന്റസിന് 6 മില്യൺ യൂറോ നൽകേണ്ടി വരും. ജനുവരിയിൽ നാന്റസിൽ നിന്ന് കാർഡിഫിൽ എത്തിയ ഉടനെ താരം വിമാന അപകടത്തിൽ മരണപ്പെട്ടതോടെയാണ് ഇരു ക്ലബ്ബ്കളും തമ്മിൽ ട്രാൻസ്ഫർ തുകയുടെ പേരിൽ തർക്കമായത്.
15 മില്യൺ യൂറോയുടെ കരാർ പൂർത്തിയാക്കി കാർഡിഫിൽ നിന്ന് ഫ്രാൻസിലേക്ക് പഴയ ടീം അംഗങ്ങളോടെ യാത്ര പറയാൻ മടങ്ങവേയാണ് താരം മരണപ്പെടുന്നത്. ഇതോടെ കാർഡിഫ് പണം നൽകാൻ വിസമ്മതിച്ചതോടെയാണ് വിഷയം ഫിഫയുടെ മുന്നിൽ എത്തിയത്. കാർഡിഫിന് അപ്പീൽ നൽകാൻ 10 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഫിഫയുടെ പരിഹാര മാർഗവും കാർഡിഫ് നിരസിച്ചാൽ വിഷയം കോർട്ട് ഓഫ് ആർബിട്രേഷന് മുന്നിൽ എത്തും.