നാലു വർഷത്തിൽ വാതുവെപ്പ് നടത്തിയത് 232 തവണ,ഐവാൻ ടോണിക്ക് എതിരെ എഫ്.എ നടപടി എടുത്തു

Wasim Akram

എഫ്.എ നിയമങ്ങൾ ലംഘിച്ച് വാതുവെപ്പ് നടത്തിയ ബ്രന്റ്ഫോർഡ് താരം ഐവാൻ ടോണിക്ക് എതിരെ നടപടി എടുത്തു ഫുട്‌ബോൾ അസോസിയേഷൻ. 2017 ഫെബ്രുവരി 25 മുതൽ 2021 ജനുവരി 23 വരെയുള്ള കാലത്ത് 232 തവണ താരം വിവിധ ഫുട്‌ബോൾ മത്സരങ്ങളിൽ വാതുവെപ്പ് നടത്തിയെന്നാണ് എഫ്.എ കണ്ടത്തിയത്. താരം എഫ്.എ നിയമം ഇ.8 ഇങ്ങനെ ലംഘിച്ചു എന്നാണ് എഫ്.എ കണ്ടത്തൽ. നവംബർ 24 വരെ ടോണിക്ക് ഈ വിഷയത്തിൽ മറുപടി നൽകാൻ അവസരം ഉണ്ട്. മറുപടി തൃപ്തികരം അല്ലെങ്കിൽ താരത്തിന് എതിരെ പിഴ,വിലക്ക് മുതലായ നടപടികൾ എഫ്.എ എടുക്കും.

ഇംഗ്ലണ്ടിൽ ഫുട്‌ബോൾ താരങ്ങൾ ഫുട്‌ബോൾ മത്സരങ്ങളിൽ വാതുവെപ്പ് നടത്തൽ അനുവദനീയം അല്ല, ഈ നിയമം ആണ് ടോണി ലംഘിച്ചത്. നിലവിൽ ടോണിയും ആയും അദ്ദേഹത്തിന്റെ ടീമും ആയും തങ്ങൾ ചർച്ചയിൽ ആണെന്നും പിന്നീട് പ്രതികരിക്കാം എന്നും ബ്രന്റ്ഫോർഡ് പ്രതികരിച്ചു. ഇംഗ്ലണ്ടിന് ആയി ഇത് വരെ കളിക്കാത്ത ടോണിയെ മികച്ച ഫോമിൽ ആയിട്ടും ഗാരത് സൗത്ത്ഗേറ്റ് ലോകകപ്പ് ടീമിൽ എടുക്കാത്തത് വലിയ വാർത്ത ആയിരുന്നു. കഴിഞ്ഞ ആഴ്ച മാഞ്ചസ്റ്റർ സിറ്റിയെ ബ്രന്റ്ഫോർഡ് അട്ടിമറിച്ചപ്പോൾ ഇരട്ടഗോളുകൾ നേടി ടോണിയാണ് അന്ന് ഹീറോ ആയത്. നിലവിൽ വാതുവെപ്പിനെക്കുറിച്ച് അറിവുള്ളത് കൊണ്ടാണ് ടോണിയെ ഇംഗ്ലണ്ട് ടീമിലേക്ക് പരിഗണിക്കാത്തത് എന്നു അന്ന് തന്നെ വാർത്തകൾ ഉണ്ടായിരുന്നു.