സീസണിലെ അവസാന മത്സരത്തിൽ നിർണായക വിജയം നേടി എവർട്ടൺ പ്രീമിയർ ലീഗ് റിലഗേഷനിൽ നിന്ന് രക്ഷപ്പെട്ടു. ഇന്ന് ബൗണ്മതിന് എതിരെ നേടിയ വിജയമാണ് എവർട്ടന്റെ കാര്യങ്ങൾ സുരക്ഷിതമാക്കിയത്. ലീഡ്സ് യുണൈറ്റഡും ലെസ്റ്റർ സിറ്റിയും പ്രീമിയർ ലീഗിൽ നിന്ന് റിലഗേറ്റഡ് ആവുകയും ചെയ്തു.
ഇന്ന് മത്സരം ആരംഭിക്കുമ്പോൾ എവർട്ടൺ 33 17ആം സ്ഥാനത്തും, ലെസ്റ്റർ സിറ്റി 31 പോയിന്റുമായി 18ആം സ്ഥാനത്തും, ലീഡ്സ് യുണൈറ്റഡ് 31 പോയിന്റുമായി 19ആം സ്ഥാനത്തും ആയിരുന്നു. ഈ മൂന്ന് ടീമുകളിൽ റിലഗേഷൻ ഒഴിവാക്കാൻ പോകുന്ന ഒരു ടീം ഏതായിരുന്നു എന്നാണ് ഏവരും ഉറ്റു നോക്കിയത്.
ലീഡ്സിന് ഇന്ന് എതിരാളികൾ സ്പർസ് ആയിരുന്നു. രണ്ടാം മിനുട്ടിൽ തന്നെ സ്പർസ് ലീഡ് എടുത്തതോടെ ലീഡ്സ് യുണൈറ്റഡിന്റെ പ്രീമിയർ ലീഗിൽ നിൽക്കാം എന്ന മോഹങ്ങൾ ഏതാണ്ട് അസ്തമിച്ചു. എവർട്ടണ് ബൗണ്മത് ആയിരുന്നു എതിരാളികൾ. ആദ്യ പകുതിയിൽ ഒരു ഗോൾ കണ്ടെത്താൻ ഇരു ടീമുകൾക്കും ആയില്ല.
എന്നാൽ കിംഗ്സ്പവർ സ്റ്റേഡിയത്തിൽ ലെസ്റ്റർ സിറ്റി തകർത്തു കളിക്കുകയായിരുന്നു. അവർ വെസ്റ്റ് ഹാം യുണൈറ്റഡിന് എതിരെ അവരുടെ എല്ലാം നൽകി കളിച്ചു. പലപ്പോഴും ഗോളിന് അടുത്ത് എത്തി. അവസാനം 34ആം മിനുട്ടിൽ ഹാർവി ബാർൻസിന്റെ ഗോളിന് ലെസ്റ്റർ സിറ്റി ലീഡ് എടുത്തു. ഈ ഗോൾ ലെസ്റ്ററിനെ 17ആം സ്ഥാനത്ത് എത്തി. റിലഗേഷൻ സോണിൽ നിന്ന് പുറത്ത്. എവർട്ടൺ റിലഗേഷൻ സോണിലേക്ക് വീഴുകയും ചെയ്തു. ഇരുവർക്കും അപ്പോൾ 34 പോയിന്റ് ആയിരുന്നു. പക്ഷെ മെച്ചപ്പെട്ട ഗോൾഡിഫറൻസ് ലെസ്റ്ററിന് മുൻതൂക്കം നൽകി. ഹാഫ് ടൈമിന് പിരിയും വരെ ടേബിൾ ഇതുപോലെ തുടർന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ സ്പർസ് ലീഡ്സിനെതിരെ രണ്ടാം ഗോൾ നേടിയതോടെ ലീഡ് റിലഗേറ്റഡ് ആകും എന്ന് ഉറപ്പായി.
ഗുഡിസൺ പാർക്കിൽ 57ആം മിനുട്ടിൽ ഡുകൗറെ എവർട്ടണ് ലീഡ് നൽകി. ഇത് വീണ്ടും പോയിന്റ് ടേബിൽ മാറ്റിമറിച്ചു. എവർട്ടൺ 35 പോയിന്റുമായി 17ആം സ്ഥാനത്തേക്ക് എത്തി.ലെസ്റ്റർ 18ആം സ്ഥാനത്തേക്ക് താഴ്ന്നു. 62ആം മിനുട്ടിൽ വ്വ്സ്റ്റ് ഹാമിന് എതിരെ വൗട്ട് ഫേസ് ലെസ്റ്ററിനായി ലീഡ് ഇരട്ടിയാക്കി എങ്കിലും എവർട്ടന്റെ ഫലം അവർക്ക് നിർണായകമായിരുന്നു.
ലെസ്റ്റർ കളി 2-1 എന്ന സ്കോറിന് വിജയിച്ചപ്പോൾ ലീഡ്സ് യുണൈറ്റഡ് 4-1ന്റെ പരാജയം സ്പർസിൽ നിന്ന് ഏറ്റുവാങ്ങി. എവർട്ടൺ 1-0ന് വിജയിച്ചത് കൊണ്ട് തന്നെ ലെസ്റ്ററും ലീഡ്സും പ്രീമിയർ ലീഗിനോട് വിടപറഞ്ഞു. എവർട്ടൺ 36 പോയിന്റുമായി 17ആം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 34 പോയിന്റുമായി ലെസ്റ്റർ 18ആം സ്ഥാനത്തും 31 പോയിന്റുമായി ലീഡ് 19ആം സ്ഥാനത്തും ഫിനിഷ് ചെയ്തു. സതാമ്പ്ടൺ നേരത്തെ തന്നെ റിലഗേറ്റഡ് ആയിരുന്നു.