മോശം സീസണിന് പിറകെ ആരാധകരോട് മാപ്പപേക്ഷിച്ച് എവർട്ടൻ ഉടമസ്ഥൻ ഫാർഹാദ് മോശീരി.ക്ലബ്ബ് വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച തുറന്ന കത്തിലൂടെയാണ് തന്റെ തെറ്റായ തീരുമാനങ്ങൾ ഏറ്റു പറഞ്ഞത്.
കഴിഞ്ഞ സീസണിൽ പതിനാറാം സ്ഥാനത്ത് മാത്രം എത്താനെ എവർടന് സാധിച്ചിരുന്നുള്ളൂ.
2016ൽ ടീമിനെ മോശീരി ഏറ്റെടുത്ത ശേഷം പുതിയ കളിക്കാരുടെ ഇറക്കുമതിക്ക് മാത്രം 500മില്യൺ പൗണ്ട് ചെലവാക്കിയതായാണ് കണക്ക്. എന്നാൽ ഇതിന്റെ ഫലം മൈതാനത്ത് കാണാതെ പോകുന്നതാണ് ആരാധരെ ചൊടിപ്പിക്കുന്നത്. കഴിഞ്ഞ മൂന്ന് സീസണിലായി ഏകദേശം 372 മില്യൺ പൗണ്ട് നഷ്ടം ക്ലബ്ബ് രേഖപ്പെടുത്തിയിട്ടുണ്ട്. റാഫാ ബെനിറ്റസിനെ മാനേജറായി നിയമിച്ചതടക്കം പല കാര്യങ്ങളിലും മാനേജ്മെന്റ് വിമർശനം ഏറ്റു വാങ്ങേണ്ടി വന്നിരുന്നു. 16 മത്സങ്ങളിൽ നിന്നും ഒരു വിജയം മാത്രം നേടാൻ കഴിഞ്ഞ ബെനിറ്റ്സിനെ ജനുവരിയോടെ പുറത്താക്കി പകരം മുൻ ചെൽസി താരവും കോച്ചുമായ ലാംപാർഡിനെ നിയമിച്ചു. മോശം തുടക്കം ആയിരുന്നു എങ്കിലും പ്രീമിയർ ലീഗിൽ നിന്നും ടീമിനെ തരംതാഴാതെ നിലനിർത്താൻ അദ്ദേഹത്തിനായിരുന്നു.
ഇതുവരെയുള്ള ക്ലബ്ബിന്റെ നടത്തിപ്പ് കാര്യങ്ങൾ എല്ലാം പുനരവലോകനം ചെയ്യുമെന്ന് മോശീരി കത്തിലൂടെ അറിയിച്ചു. മൈതാനത്തും ബാങ്കിലും ഒരു പോലെ നഷ്ടം നേരിടുന്ന ടീമിനെ ട്രാക്കിൽ എത്തിക്കാൻ ഇതോടെ സാധിക്കുമെന്നാണ് ശുഭാപ്തി വിശ്വാസം. ലാംപാർഡ് അടക്കം ടീമിൽ തുടരുമോ എന്നുള്ളത് ഇതിന് ശേഷം വ്യക്തമാവും.
2016ൽ ഈ ബ്രിട്ടീഷ് ഇറാനിയൻ വ്യാപാരി ഉടമസ്ഥത ഏറ്റെടുത്ത ശേഷം ഏഴ് മാനേജർമാരാണ് ടീമിനെ പരിശീലിപ്പിക്കാൻ ആയി എത്തിയത്. റിവർ മേഴ്‌സിയുടെ തീരത്ത് ടീമിനായി പുതിയ സ്റ്റേഡിയവും ഒരുങ്ങുന്നുണ്ട്.