ഈ സീസണിന്റെ അവസാനത്തോടെ ബാഴ്സലോണ വിടുമെന്ന വാർത്തകളെ തള്ളി ബാഴ്സലോണയുടെ ബ്രസീൽ താരം കൂട്ടീഞ്ഞോ. 15 മാസങ്ങൾക്ക് മുൻപ് റെക്കോർഡ് തുകക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലിവർപൂളിൽ നിന്ന് ബാഴ്സലോണയിൽ എത്തിയ കൂട്ടീഞ്ഞോക്ക് ലിവർപൂളിൽ പുറത്തെടുത്ത മികച്ച പ്രകടനം ബാഴ്സലോണയിൽ പുറത്തെടുക്കാനായിരുന്നില്ല. ഇതോടെ കൂട്ടീഞ്ഞോ വീണ്ടും പ്രീമിയർ ലീഗിലേക്ക് തിരിച്ചുവരുമെന്നും വാർത്തകൾ വന്നിരുന്നു.
എന്നാൽ താൻ ബാഴ്സലോണയിൽ സന്തോഷവാനാണെന്നും ബാഴ്സലോണയിൽ തന്നെ തുടരാനാണ് തന്റെ ആഗ്രഹമെന്നും കൂട്ടീഞ്ഞോ. ഇതോടെ അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ താരത്തെ സ്വന്തമാക്കാൻ സാധ്യത കൽപ്പിക്കപ്പെട്ട ചെൽസിക്കും മാഞ്ചസ്റ്റർ യൂണൈറ്റഡിനും താരത്തിന്റെ തീരുമാനം തിരിച്ചടിയാണ്.
ഈ വർത്തകളെയൊക്കെ തള്ളി കളഞ്ഞുകൊണ്ടാണ് കൂട്ടീഞ്ഞോ സ്പെയിനിൽ തന്റെ തുടരാനുള്ള തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്. ബാഴ്സലോണയിൽ താൻ കിരീടങ്ങൾ നേടിയെന്നും കൂടുതൽ കിരീടങ്ങൾ ബാഴ്സലോണയുടെ കൂടെ നേടണമെന്നാണ് തന്റെ ആഗ്രഹമെന്നും മുൻ ലിവർപൂൾ താരം പറഞ്ഞു. സ്പെയിനിൽ കളിക്കാനാണ് തനിക്ക് താൽപര്യമെന്നും സ്പെയിനിലെ മികച്ച ക്ലബായ ബാഴ്സലോണയിലാണ് താൻ ഉള്ളതെന്നും അതുകൊണ്ട് താൻ വളരെയധികം സന്തോഷവാനാണെന്നും കൂട്ടീഞ്ഞോ കൂട്ടിച്ചേർത്തു.