മാഞ്ചസ്റ്റർ സിറ്റി താരം ക്ലാഡിയോ ബ്രാവോ റയൽ ബെറ്റിസിൽ

മാഞ്ചസ്റ്റർ സിറ്റി ഗോൾ കീപ്പറെ സ്വന്തമാക്കി ലാ ലീഗ്‌ ടീം റയൽ ബെറ്റിസ്‌. കഴിഞ്ഞ സീസണിന്റെ അവസാനത്തോടെ മാഞ്ചസ്റ്റർ സിറ്റിയിൽ കരാർ അവസാനിച്ച ബ്രാവോ ഫ്രീ ട്രാൻസ്ഫറിലാണ് ലാ ലീഗയിൽ എത്തുന്നത്. നേരത്തെ ലാ ലീഗയിൽ റയൽ സോസിഡാഡിന് വേണ്ടിയും ബാഴ്‌സലോണക്ക് വേണ്ടിയും ബ്രാവോ കളിച്ചിട്ടുണ്ട്. നാല് വർഷം മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കളിച്ചതിന് ശേഷമാണ് ബ്രാവോ ലാ ലീഗയിലേക്ക് മടങ്ങുന്നത്.

മാഞ്ചസ്റ്റർ സിറ്റിയിലേക്ക് എഡേഴ്സൺ വന്നതോടെ ടീമിന്റെ രണ്ടാം നമ്പർ ഗോൾ കീപ്പറായാണ് ബ്രാവോ കളിച്ചിരുന്നത്. നിലവിൽ ഒരു വർഷത്തെ കരാറിലാണ് 37കാരനായ ബ്രാവോ റയൽ ബെറ്റിസിൽ എത്തുന്നത്. വേണമെങ്കിൽ ഒരു വർഷം കൂടി കരാർ നീട്ടാനുള്ള സൗകര്യം കരാറിലുണ്ട്. നേരത്തെ മാഞ്ചസ്റ്റർ സിറ്റി പരിശീലകനായിരുന്ന മാനുവൽ പെല്ലെഗ്രിനിയാണ് റയൽ ബെറ്റിസിന്റെ പരിശീലകൻ.