ഇതു പോലുള്ള മത്സരങ്ങൾ വേണം, ഒപ്പത്തിനൊപ്പം പോരാടി കിടിലൻ മത്സരം തന്ന് ഇംഗ്ലണ്ടിലെ വമ്പൻ ക്ലബുകൾ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് രണ്ട് വൻ ടീമുകൾ ഏറ്റുമുട്ടിയ മത്സരം ആവേശകരമായ സമനിലയിൽ അവസാനിച്ചു. ആൻഫീൽഡിൽ വെച്ച് നടന്ന മത്സരത്തിൽ ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും 2-2 എന്ന സമനിലയിൽ ആണ് കളി അവസാനിപ്പിച്ചത്. രണ്ട് തവണ പിറകിൽ പോയ ശേഷമാണ് മാഞ്ചസ്റ്റർ സിറ്റി ഇന്ന് എവേ ഗ്രൗണ്ടിൽ സമനില സമ്പാദിച്ചത്.

ഇന്ന് ആൻഫീൽഡിൽ ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ സിറ്റിയുടെ സമ്പൂർണ്ണ ആധിപത്യമാണ് കണ്ടത്. അവർ തുടരെ തുടരെ ആക്രമണങ്ങൾ നടത്തി എങ്കിലും ഒന്ന് പോലും വലയിൽ എത്തിക്കാൻ അവർക്ക് ആയില്ല. ഇടതു വിങ്ങിൽ ഫിൽ ഫോഡനായിരുന്നു ലിവർപൂൾ ഡിഫൻസിനെ ഏറെ ഭീഷണിൽ ആയത്. ലിവർപൂൾ ഡിഫൻസിൽ ഇറങ്ങിയ മിൽനറിനെ ഫോഡൻ വധിക്കുന്നതായിരുന്നു ആദ്യ പകുതിയിൽ കണ്ടത്. ബെർണാഡോ സിൽവയുടെ മിഡ്ഫീൽഡിൽ നിന്നുള്ള ഒരു ഗംഭീര കുതിപ്പും ആദ്യ പകുതിയിൽ കണ്ടു. പക്ഷെ ഒരു മുന്നേറ്റവും ഗോളായില്ല.

രണ്ടാം പകുതിയിൽ ലിവർപൂളിന്റെ മനോഭാവവും ശൈലിയും മാറിയിരുന്നു. അവർ ആൻഫീൽഡിൽ കളിക്കുന്നത് പോലെ കളിക്കാൻ തുടങ്ങി. 59ആം മിനുട്ടിൽ അവർ ലീഡും എടുത്തു. മൈതാന മധ്യത്ത് വെച്ച് പന്ത് സ്വീകരിച്ച് ഇടതു വിങ്ങിലൂടെ മുന്നേറിയ സലയെ തടയാൻ ആർക്കും ആയില്ല. സലാ പെനാൾട്ടി ബോക്സിലേക്ക് മുന്നേറിയ മാനെയെ കണ്ടെത്തുകയും മാനെ ലിവർപൂളിനെ മുന്നിൽ എത്തിക്കുകയും ചെയ്തു. ഈ ഗോളിനോട് നന്നായി തന്നെ സിറ്റി പ്രതികരിച്ചു. ജീസുസിന്റെ പാസിൽ നിന്ന് 69ആം മിനുട്ടിൽ ഫിൽ ഫോഡൻ സിറ്റിയെ സമനിലയിൽ എത്തിച്ചു.

ജീസുസിന്റെ മനോഹര പാസ് സ്വീകരിച്ച് പോസ്റ്റിലേക്ക് ഫോഡൻ പന്ത് ഡ്രിൽ ചെയ്ത് കയറ്റുക ആയിരുന്നു. കളി ഇതോടെ ആവേശകരമായി. 76ആം മിനുട്ടിൽ ഈജിപ്ഷ്യൻ മജീഷ്യൻ തന്റെ ഏറ്റവും മികവിലേക്ക് ഉയർന്നു. ഇടതു വിങ്ങിൽ നിന്ന് പന്ത് സ്വീകരിച്ച സലാ നടത്തിയ നൃത്ത ചുവട് കണ്ട് സിറ്റി ഡിഫൻസ് ആകെ ഇരുന്ന് പോയി എന്ന് പറയാം. ആ നീക്കത്തിന് ഒടുവിൽ ലീഗിൽ ഈ സീസണിൽ കണ്ട ഏറ്റവും മികച്ച ഗോളിൽ ഒന്ന് പിറന്നു. ലിവർപൂൾ 2-1ന് മുന്നിൽ.

മത്സരത്തിന്റെ ആവേശം അവസാനിച്ചില്ല. സിറ്റി പൊരുതി. 81ആം മിനുട്ടിൽ വീണ്ടും സമനില. ഇത്തവണ മറ്റൊരു സുന്ദര ഗോൾ. പിറന്നത് കെവിൻ ഡിബ്രുയിനെയുടെ ബൂട്ടിൽ നിന്ന്. കളി 2-2. 87ആം മിനുട്ടിൽ ആളൊഴിഞ്ഞ ഗോൾ പോസ്റ്റിലേക്ക് 6 യാർഡിനകത്ത് വെച്ച് ഫബിനോക്ക് അവസരം ലഭിച്ചു എങ്കിലും റോഡ്രിയുടെ ഗോളിന് തുല്യമായ ബ്ലോക്ക് കളി 2-2ൽ നിർത്തി.

ഇതിനു ശേഷവും ഇരു ടീമുകളും വിജയത്തിനായി ശ്രമിച്ചു. എങ്കിലും കളി അർഹിച്ച സമനിലയിൽ അവസാനിച്ചു.

ഈ സമനിലയോടെ 15 പോയിന്റുമായി ലിവർപൂൾ രണ്ടാം സ്ഥാനത്തും 14 പോയിന്റുമായി സിറ്റി മൂന്നാം സ്ഥാനത്തും നിൽക്കുകയാണ്.