ലീഗിലെ പതിനൊന്നാം മത്സരം കഴിഞ്ഞപ്പോഴും അപരാജിതർ ആയി തന്നെ സൊറ്റി മുന്നേറുന്നു. ഇന്ന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സതാമ്പ്ടണെ ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് സിറ്റി തകർത്തെറിഞ്ഞത്. പെപ് പരിശീലകനായി എത്തിയ ശേഷം ഇത് 12ആം തവണയാണ് മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ അഞ്ചൊ അതിലധികമോ ഗോൾ നേടുന്നത്.
ഇന്ന് ഒരു സെൽഫ് ഗോളിലൂടെ ആറാം മിനുട്ടിൽ തന്നെ സിറ്റി മുന്നിൽ എത്തിയിരുന്നു. പിന്നീട് ഇരട്ട ഗോളുകളുമായി സ്റ്റേർലിംഗും ഗോളുകളുമായി അഗ്വേറോയും സിൽവയും സാനെയും ഒക്കെ സതാമ്പ്ടൺ വല നിറച്ചു. അഗ്വേറോ ഇന്നത്തെ ഗോളോടെ പ്രീമിയർ ലീഗിൽ 150 ഗോളുകളിൽ എത്തി. ഒരു ക്ലബിനായി 150 പ്രീമിയർ ലീഗ് ഗോൾ നേടുന്ന മൂന്നാമത്തെ താരവുമായി അഗ്വേറോ. ഇതിനു മുമ്പ് ഹെൻറിയും റൂണിയും മാത്രമേ ആ നേട്ടത്തിൽ എത്തിയിട്ടുള്ളൂ.
സതാമ്പ്ടന്റെ ആശ്വാസ ഗോൾ വന്നത് ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു. അഞ്ചു പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് ശേഷമാണ് സതാമ്പ്ടൺ ഒരു ഗോൾ നേടുന്നത്. ഇന്നത്തെ ജയത്തോടെ 29 പോയന്റുമായി ലീഗിലെ ഒന്നാം സ്ഥാനം സിറ്റി നിലനിർത്തി.