ക്ലബ് ഉടമ റോമ അബ്രോമോവിചുനായി ബന്ധപ്പെട്ട പ്രശ്നങ്ങളിലൂടെ കടന്നു പോകുന്ന ചെൽസിക്ക് പ്രീമിയർ ലീഗിൽ മികച്ച വിജയം. ഇന്നലെ അവസാന സ്ഥാനക്കാരായ നോർവിച് സിറ്റിയെ നേരിട്ട ചെൽസി ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. ആദ്യ 14 മിനുട്ടിൽ തന്നെ ചെൽസി ഇന്നലെ 2 ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. മൂന്നാം മിനുട്ടിൽ മൗണ്ടിന്റെ ആസിസ്റ്റിൽ നിന്ന് യുവതാരം ചലോബ ആണ് ചെൽസിക്ക് ലീഡ് നൽകിയത്.
പിന്നാലെ 14ആം മിനുട്ടിൽ മൗണ്ട് ഗോളും അടിച്ചു. ഹവേർട്സിന്റെ പാസിൽ നിന്നായിരുന്നു ഗോൾ. രണ്ടാം പകുതിയിൽ നോർവിച് ഒരു പെനാൾട്ടിയിലൂടെ കളിയിലേക്ക് തിരികെ വന്നു. പുക്കി ആയിരുന്നു പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. 90ആം മിനുട്ടിൽ കായ് ഹവേർട്സിന്റെ ഗോൾ കൂടെ വന്നതോടെ ചെൽസി വിജയം ഉറച്ചു.
27 മത്സരങ്ങളിൽ നിന്ന് 56 പോയിന്റുമായി ചെൽസി ലീഗിൽ മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്. നോർവിച് 17 പോയിന്റുമയി അവസാന സ്ഥാനത്തും നിൽക്കുന്നു.