ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് വമ്പൻ മത്സരമാണ്. സ്റ്റാംഫോബ്രിഡ്ജിൽ നടക്കുന്ന പോരാട്ടത്തിൽ ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും ആണ് നേർക്കുനേർ വരുന്നത്. സീസൺ ഗംഭീരമായി തുടങ്ങിയ ഹോം ടീമായ ചെൽസിക്ക് തന്നെയാകും ഇന്ന് മുൻതൂക്കം. കളിച്ച അഞ്ചു മത്സരങ്ങളിൽ നാലും വിജയിച്ച ചെൽസി ഇപ്പോൾ ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. അഞ്ചു മത്സരങ്ങളിൽ ആകെ ഒരു ഗോളാണ് ചെൽസി വഴങ്ങിയത്. ഇന്നും ഒരു ക്ലീൻ ഷീറ്റ് തന്നെയാകും ടുഷൽ ലക്ഷ്യം ഇടുക. അദ്ദേഹത്തിന്റെ പ്രധാന ഗോൾ കീപ്പർ മെൻഡി ഇന്ന് രണ്ട് മത്സരങ്ങളുടെ ഇടവേളക്ക് ശേഷം ടീമിൽ തിരികെയെത്തും.
എന്നാൽ പരിക്കേറ്റ മൗണ്ട്, പുലിസിക് എന്നിവർ ഇന്ന് ചെൽസിക്ക് ഒപ്പം ഉണ്ടാകില്ല. മറുവശത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് സീസൺ അത്ര മികച്ച തുടക്കമല്ല നൽകിയത്. ലീഗിൽ ഇതിനകം തന്നെ ഒരു പരാജയവും ഒരു സമനിലയും സിറ്റിയുടെ പോയിന്റ് നഷ്ടപ്പെടുത്തു. സിറ്റിയുടെ പരിശീലകനായ പെപ് ഗ്വാർഡിയോളക്ക് ആണെൽ ടുഷലിന് മുന്നിൽ നല്ല റെക്കോർഡുമല്ല. അവസാനം രണ്ടു ടീമുകളും കളിച്ച മൂന്ന് മത്സരങ്ങളിലും ടൂഷലിന്റെ ചെൽസിക്കായിരുന്നു വിജയം. ഇന്ന് അതിനൊരു മാറ്റം ഉണ്ടാകണം എങ്കിൽ സിറ്റി അവരുടെ ഏറ്റവും മികച്ച ഫോമിൽ കളിക്കേണ്ടതുണ്ട്. ഇന്ന് വൈകിട്ട് 5 മണിക്കാണ് മത്സരം.