പുതിയ ഉടമകളെ സർക്കാർ അംഗീകരിച്ചു, ചെൽസിയുടെ കൈമാറ്റം ഉടൻ നടക്കും

Staff Reporter

ടോഡ് ബോഹ്‍ലിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ചെൽസി വാങ്ങാനുള്ള ശ്രമങ്ങൾക്ക് യു.കെ സർക്കാർ അംഗീകാരം നൽകി. ഇതോടെ റോമൻ അബ്രമോവിച്ച് യുഗത്തിന് ചെൽസിയിൽ അവസാനമാവും. ഏകദേശം 4.25 ബില്യൺ പൗണ്ട് നൽകിയാണ് ടോഡ് ബോഹ്‍ലിയും സംഘവും ചെൽസി സ്വന്തമാക്കുന്നത്. 2003ലാണ് റഷ്യൻ കോടീശ്വരനായ റോമൻ അബ്രമോവിച്ച് ചെൽസിയെ വാങ്ങുന്നത്. അബ്രമോവിച്ചിന്റെ ഉടമസ്ഥതയിൽ ചെൽസി 21 കിരീടങ്ങൾ നേടിയിട്ടുണ്ട്. ഇതിൽ 5 പ്രീമിയർ ലീഗ് കിരീടങ്ങളും 2 ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ഉൾപെടും.

ഉക്രൈനിൽ റഷ്യ യുദ്ധം ആരംഭിച്ചതിന് പിന്നാലെയാണ് ചെൽസി വിൽക്കാൻ റോമൻ അബ്രമോവിച്ച് തീരുമാനിച്ചത്. റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുട്ടിനുമായി റോമൻ അബ്രമോവിചിന്റെ ബന്ധത്തിന്റെ പേരിൽ യു.കെ സർക്കാർ അബ്രമോവിച്ചിന്റെ സ്വത്തുക്കൾ മരവിപ്പിക്കുകയും ചെയ്തിരുന്നു. നിലവിൽ ചെൽസി വിൽക്കുന്നതിൽ നിന്ന് ലഭിക്കുന്ന തുക അബ്രമോവിച്ചിന് ലഭിക്കുകയില്ല. റഷ്യ യുദ്ധത്തിൽ തകർന്ന ഉക്രൈനിലെ മാനുഷിക പ്രവർത്തനങ്ങൾക്കാവും ഈ തുക ഉപയോഗിക്കുക.