ചെൽസിക്ക് പ്രീമിയർ ലീഗിൽ ഒരു നിരാശ കൂടെ. ഇന്ന് സ്റ്റാംഫോബ്രിഡ്ജിൽ ചെൽസിയെ വിറപ്പിച്ച നോട്ടിങ്ഹാം ഫോറസ്റ്റ് 1-0ന്റെ വിജയവുമായി മടങ്ങി. ചെൽസിയെ അവസരങ്ങൾ സൃഷ്ടിക്കാൻ വിടാതെ പിടിച്ചു കെട്ടാൻ ഫോറസ്റ്റിന് ഇന്നായി. ആദ്യ പകുതിയിൽ ആകെ ഒരു ഷോട്ട് മാത്രമെ ചെൽസിക്ക് ടാർഗറ്റിലേക്ക് തൊടുക്കാൻ ആയുള്ളൂ. മത്സരം ഗോൾ രഹിതമായി നിന്നു. എൻസോ ഫെർണാണ്ടസ് മികച്ച ഫോർവേഡ് പാസുകൾ നൽകിയിട്ടും അതൊന്നും ലക്ഷ്യത്തിലേക്ക് തൊടുക്കാൻ പോലും ചെൽസി അറ്റാക്കിങ് താരങ്ങൾക്ക് ആയില്ല.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഫോറസ്റ്റ് ചെൽസിയെ ഞെട്ടിച്ച് ലീഡ് എടുത്തു. 48ആം മിനുട്ടിൽ അവോനിയുടെ പാസ് സ്വീകരിച്ച് സ്വീഡിഷ് താരം ആന്തണി എലാംഗ ഫോറസ്റ്റിന് ലീഡ് നൽകി. എലാംഗയുടെ ക്ലബിനായുള്ള ആദ്യ ഗോളായിരുന്നു ഇത്.
ഈ ഗോളിന് ശേഷം ചെൽസി ചില മാറ്റങ്ങൾ നടത്തി എങ്കിലും ഫലം ഉണ്ടായില്ല. കിട്ടിയ നല്ല അവസരം മുതലെടുക്കാൻ നിക്കാളസ് ജാക്സണായതും ഇല്ല. ചെൽസി ഏറെ ശ്രമിച്ചു എങ്കിലും രണ്ടാം പകുതിയിൽ ഫോറസ്റ്റ് കീപ്പർ ടേർണറെ ഒന്ന് പരീക്ഷിക്കാൻ പോലും അവർക്ക് ആയില്ല.
ഈ വിജയത്തോടെ ഫോറസ്റ്റ് 6 പോയിന്റുമായി 8ആം സ്ഥാനത്ത് എത്തി. നാലു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ചെൽസിക്ക് ആകെ നാലു പോയിന്റ് മാത്രമേ ഉള്ളൂ