സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ഓരോ ഗോൾ വീതമടിച്ചു പോയിന്റ് പങ്ക് വെച്ച് ചെൽസിയും ന്യൂകാസിലും സീസണിന് തിരശീലയിട്ടു. ന്യൂകാസിലിനിത് പ്രീമിയർ ലീഗിന്റെ മുൻനിരയിലേക്കും യുറോപ്യൻ പോരാട്ടങ്ങളിലേക്കുമുള്ള തിരിച്ചു വരവ് ആണെങ്കിൽ ചെൽസി സമീപകാലത്തെ ഏറ്റവും വലിയ തിരിച്ചടി നേരിട്ട സീസൺ ആണിത്. ഗോർഡോൺ ന്യൂകാസിലിന് വേണ്ടി വലകുലുക്കിയപ്പോൾ ചെൽസിയുടെ ഗോൾ ട്രിപ്പിയറുടെ സെൽഫ് ഗോൾ ആയിരുന്നു. ലീഗ് അവസാനിക്കുമ്പോൾ ചെൽസി പന്ത്രണ്ടാമതും ന്യൂകാസിൽ നാലാമതും ആണ്.
ഇരു ടീമുകളും പ്രതിരോധത്തിൽ നിരന്തരമായ പിഴവുകൾ വരുത്തുന്നത് കണ്ടാണ് ആദ്യ പകുതി കടന്ന് പോയത്. രണ്ടാം മിനിറ്റിൽ തന്നെ ഇസാക് കെപയെ പരീക്ഷിച്ചു. ഒൻപതാം മിനിറ്റിൽ ഗോർഡോണിലൂടെ ന്യൂകാസിൽ ലീഡ് എടുത്തു. ചെൽസി പ്രതിരോധത്തിന്റെ പിഴവുകൾ തുറന്ന് കാട്ടിയ നീക്കത്തിൽ ആൻഡേഴ്‌സന്റെ പാസിൽ നിന്നാണ് താരം ഗോൾ നേടിയത്. ന്യൂകാസിൽ ജേഴ്സിയിൽ ഗോർഡോണിന്റെ ആദ്യ ഗോൾ കൂടി ആയിരുന്നു ഇത്. പിറകെ അൽമിറോനിന്റെയും ഇസാക്കിന്റെയും ഷോട്ടുകളിൽ ചെൽസി വിറച്ചു. എന്നാൽ പതിയെ നീലപ്പട താളം കണ്ടെത്തി. ന്യൂകാസിൽ തുടർച്ചയായി കോർണറുകൾ വഴങ്ങി. തുടർച്ചയായ മുന്നേറ്റങ്ങൾക്കുള്ള ഫലമായി 27ആം മിനിറ്റിൽ ചെൽസി സമനില ഗോൾ കണ്ടെത്തി. ഫ്രീകിക്കിലൂടെ ലഭിച്ച പന്ത് ബോക്സിനുള്ളില്ലേക്ക് കയറി സ്റ്റെർലിങ് ഷോട്ട് തൊടുത്തപ്പോൾ ട്രിപ്പിയറിൽ തട്ടി വലയിലേക്ക് തന്നെ ഉരുണ്ടു കയറുകയായിരുന്നു. ഇടവേളക്ക് തൊട്ടു മുൻപ് ഡുബ്രാവ്കയുടെ സേവിൽ നിന്നും ലഭിച്ച ബോൾ സ്റ്റെർലിങ് വലയിലേക്ക് ലക്ഷ്യം വച്ചെങ്കിലും റ്റർഗേറ്റ് രക്ഷകനായി.
രണ്ടാം പകുതിയിൽ ഗോൾ ഒന്ന് പിറന്നില്ല. ചെൽസി തന്നെ അവസരങ്ങൾ ഒരുക്കുന്നതിൽ മുന്നിട്ട് നിന്നു. മഡ്വെക്കെയുടെ ഹെഡറും എൻസോയുടെ ലോങ് റേഞ്ചറും ലക്ഷ്യം കാണാതെ പോയി. 17കാരൻ ലൂയിസ് മിലെ ന്യൂകാസിലിനായി അരങ്ങേറി. 80ആം മിനിറ്റിൽ താരത്തിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചു. അവസാന നിമിഷങ്ങളിൽ ലഭിച്ച മികച്ചൊരു അവസരത്തിൽ പുലിസിച്ചിന്റെ ഷോട്ട് കീപ്പർക്ക് നേരെ ആയി. ഇഞ്ചുറി ടൈമിൽ ഫെലിക്സിന്റെ ഹെഡറും ലക്ഷ്യം കാണാതെ പോയതോടെ ചെൽസി സ്വന്തം തട്ടകത്തിൽ സമനില വഴങ്ങി.