പരിശീലകൻ പുറത്തായി ആദ്യ മത്സരത്തിൽ തന്നെ എവർട്ടന്റെ ശക്തമായ പോരാട്ടം. സ്വന്തം മൈതാനത്ത് 3-1 നാണ് അവർ ചെൽസിയെ വീഴ്ത്തിയത്. ജയത്തോടെ ലീഗിൽ റിലഗേഷൻ സോണിൽ നിന്ന് രക്ഷപെടാൻ എവർട്ടന് സാധിച്ചു. ചെൽസി നാലാം സ്ഥാനത്ത് തുടരും.
ആദ്യ പകുതിയിൽ ഒരു ഗോളിന് എവർട്ടൻ മുന്നിട്ട് നിന്നു. കളി തുടങ്ങി ആറാം മിനുട്ടിൽ തന്നെ സിഡിബേയുടെ ക്രോസ് ഹെഡറിലൂടെ ഗോളാക്കി റിച്ചാർലിസൻ ആണ് സ്കോർ ബോർഡ് തുറന്നത്. ഗോൾ വഴങ്ങിയിട്ടും ആദ്യ പകുതിയിൽ കാര്യമായ ആക്രമണം നടത്താൻ ചെൽസിക്ക് സാധിച്ചില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ ചെൽസി പ്രതിരോധം വരുത്തിയ വൻ പിഴവിൽ നിന്ന് കാൽവർട്ട് ലെവിൻ നേടിയ ഗോളിൽ എവർട്ടൻ ലീഡ് രണ്ടാക്കി. പിന്നീട് കോവചിച്ചിലൂടെ ചെൽസി ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും കളി അവസാനിക്കാൻ ഏതാനും മിനിറ്റുകൾ ബാക്കി നിൽക്കേ കാൽവർട്ട് ലെവിൻ വീണ്ടും ഗോൾ നേടിയതോടെ എവർട്ടൻ ജയം ഉറപ്പിച്ചു.