പ്രീമിയർ ലീഗിൽ ചെൽസിക്ക് കാലിടറി. ജെയ്മി വാർഡിയുടെ ഗോളിൽ ലെസ്റ്റർ സിറ്റി ചെൽസിയെ പരാജയപ്പെടുത്തി. മൗറീസിയോ സാരിയുടെ ചെൽസി ഈ സീസണിൽ ആദ്യമായിട്ടാണ് ഹോമിൽ പരാജയം ഏറ്റു വാങ്ങുന്നത്. ഈ പരാജയത്തോടു കൂടി മുപ്പത്തിയേഴ് പോയിന്റുമായി പ്രീമിയർ ലീഗിൽ പോയന്റ് നിലയിൽ നാലാം സ്ഥാനത്താണ് ചെൽസി.
ലെസ്റ്റർ സിറ്റിക്ക് വേണ്ടി 250 ആം മത്സരത്തിനിറങ്ങിയ വാർഡിക്ക് അന്പത്തിയൊന്നു മിനുട്ടിൽ ഗോളടിക്കാൻ സാധിച്ചു. ജെയിംസ് മാഡിസൺ നൽകിയ പാസ് വെടിക്കെട്ട് ഷോട്ടിലൂടെ ഗോളാക്കി മാറ്റാൻ വാർഡിക്ക് സാധിച്ചു. ആദ്യ പകുതിയിൽ ചെൽസിയുടെ ആധിപത്യമാണ് മത്സരത്തിൽ കണ്ടത്. എന്നാൽ ശക്തമായി പ്രതിരോധിച്ച ലെസ്റ്റർ വിജയം സ്വന്തമാക്കുകയായിരുന്നു. ആദ്യ പകുതിയിൽ ഹസാർഡിന്റെ ഷോട്ട് ബാറിൽ തട്ടി പുറത്തു പോയിരുന്നു.
സ്റ്റാൻഫോർഡ് ബ്രിഡ്‌ജിൽ 18 വർഷത്തിലാദ്യമായിട്ടാണ് ലെസ്റ്റർ സിറ്റി ഒരു മത്സരം ജയിക്കുന്നത്. ഇതിനു മുൻപ് അവസാനമായി ചെൽസി ഹോം ഗ്രൗണ്ടിൽ പരാജയപ്പെട്ടത് ഏപ്രിൽ ഒന്നിന് സ്പര്സിനെതിരേയായിരുന്നു. ഇന്നത്തെ ജയത്തോടു കൂടി പ്രീമിയർ ലീഗിൽ ഒൻപതാം സ്ഥാനത്തെത്തി ലെസ്റ്റർ സിറ്റി.