പ്രീമിയർ ലീഗിൽ അവസാന സ്ഥാനത്തുള്ള നോർവിച്ച് സിറ്റിക്കെതിരെ ചെൽസിക്ക് വമ്പൻ ജയം. പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ചെൽസി ഏകപക്ഷീയമായ 7 ഗോളുകൾക്കാണ് മത്സരം ജയിച്ചത്. നോർവിച്ച് താരം ഗിബ്‌സൺ രണ്ടാമത്തെ മഞ്ഞ കാർഡ് കണ്ട് പുറത്തുപോയതോടെ 10 പേരുമായാണ് നോർവിച്ച് മത്സരം അവസാനിപ്പിച്ചത്. ഹാട്രിക് നേടിയ മേസൺ മൗണ്ടിന്റെ പ്രകടനമാണ് ചെൽസിയുടെ ജയം അനായാസമാക്കിയത്. ചെൽസിക്ക് വേണ്ടി മേസൺ മൗണ്ടിന്റെ ആദ്യ ഹാട്രിക് കൂടിയായിരുന്നു ഇത്.
മത്സരത്തിന്റെ തുടക്കം മുതൽ നോർവിച്ച് സിറ്റിക്ക് ഒരു അവസരവും നൽകാതെയുള്ള പ്രകടനമാണ് ചെൽസി പുറത്തെടുത്തത്. ആദ്യ പകുതി അവസാനിക്കുമ്പോൾ മേസൺ മൗണ്ട്, ഹഡ്സൺ ഒഡോയ്, റീസ് ജെയിംസ് എന്നിവരുടെ ഗോളിൽ 3-0 മുൻപിലായിരുന്നു. തുടർന്ന് രണ്ടാം പകുതിയിൽ ചിൽവെല്ലിലൂടെ ഗോളടി തുടങ്ങിയ ചെൽസി മേസൺ മൗണ്ടിന്റെ ഇരട്ട ഗോളുകളും ആരോൻസിന്റെ സെൽഫ് ഗോളും ചേർന്ന് നോർവിച്ച് ഗോൾ വല നിറക്കുകയായിരുന്നു. മേസൺ മൗണ്ടിന്റെ ആദ്യ പെനാൽറ്റി ശ്രമം നോർവിച്ച് ഗോൾ കീപ്പർ തടഞ്ഞെങ്കിലും കിക്ക് എടുക്കുന്നതിന് മുൻപ് ടിം ക്രൂൾ ടച് ലൈൻ വിട്ടതോടെ റഫറി പെനാൽറ്റി വീടും എടുപ്പിക്കുകയും രണ്ടാം ശ്രമത്തിൽ മൗണ്ട് ഗോൾ നേടുകയുമായിരുന്നു. ജയത്തോടെ 9 മത്സരങ്ങളിൽ നിന്ന് 22 പോയിന്റുമായി ചെൽസി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.