മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ജയിച്ചു കയറി ലാമ്പർഡും ചെൽസിയും

- Advertisement -

കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി ചെൽസി തങ്ങളുടെ ടോപ് ഫോർ പ്രതീക്ഷ സജീവമാക്കി. ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചെൽസി വിജയം നേടിയത്. ഫെർണാഡിഞ്ഞോ ചുവപ്പ് കാർഡ് കണ്ടതോടെ 10 പേരുമായാണ് മാഞ്ചസ്റ്റർ സിറ്റി മത്സരം പൂർത്തിയാക്കിയത്.

മത്സരത്തിന്റെ തുടക്കം മുതൽ മാഞ്ചസ്റ്റർ സിറ്റി കൂടുതൽ നേരം പന്ത് കൈവശം വെച്ചെങ്കിലും മികച്ച അവസരങ്ങൾ സൃഷിട്ടിക്കുന്നതിൽ അവർ പരാജയപ്പെടുകയായിരുന്നു. തുടർന്നാണ് മാഞ്ചസ്റ്റർ സിറ്റി പ്രതിരോധത്തിലെ ആശയകുഴപ്പം മുതലെടുത്ത് പുലിസിച്ച് ചെൽസിക്ക് വേണ്ടി ഗോൾ നേടിയത്.

എന്നാൽ രണ്ടാം പകുതിയിൽ ലോകോത്തര ഫ്രീകിക്ക് ഗോളിലൂടെ ഡി ബ്രൂയ്നെ മാഞ്ചസ്റ്റർ സിറ്റിയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു. തുടർന്ന് ലീഡ് ഉയർത്താനുള്ള അവസരം ഇരു ടീമുകൾക്കും ലഭിച്ചെങ്കിലും ഗോൾ പിറന്നില്ല. സ്റ്റെർലിങ്ങിന്റെ ശ്രമം പോസ്റ്റിൽ തട്ടി തെറിക്കുകയും മറുവശത്ത് പുലിസിചിന്റെ ശ്രമം ഗോൾ ലൈനിൽ നിന്ന് കെയ്ൽ വാൾക്കർ രക്ഷപ്പെടുത്തുകയും ചെയ്തു.

തുടർന്നാണ് മത്സരം നിർണയിച്ച പെനാൽറ്റി വന്നത്. ചെൽസി താരം ടാമി അബ്രഹാമിന്റെ ഗോൾ ശ്രമം ഫെർണാഡിഞ്ഞോ കൈ കൊണ്ട് തടയുകയായിരുന്നു. തുടർന്ന് റഫറി താരത്തിന് ചുവപ്പ് കാർഡും ചെൽസിക്ക് അനുകൂലമായി പെനാൽറ്റിയും വിധിച്ചു. തുടർന്ന് പെനാൽറ്റിയെടുത്ത വില്യൻ ചെൽസിക്ക് വിജയം സമ്മാനിക്കുകയായിരുന്നു. ജയത്തോടെ ചെൽസി ടോപ് ഫോർ പ്രതീക്ഷ സജീവമാക്കി.

Advertisement