തരം താഴ്ത്തൽ ഒഴിവാക്കാനുള്ള പോരാട്ടത്തിൽ വാട്ട്ഫോർഡിനു തിരിച്ചടി, ബേർൺലിയോട് തോൽവി

- Advertisement -

പ്രീമിയർ ലീഗിൽ തരം താഴ്‌ത്തൽ ഒഴിവാക്കാനുള്ള പോരാട്ടം കനക്കുന്നു. കഴിഞ്ഞ മത്സരത്തിൽ ലെസ്റ്ററിനെ സമനിലയിൽ തളച്ച് പ്രതീക്ഷ കൂട്ടിയ വാട്ട്ഫോർഡിനു ഇന്ന് തിരിച്ചടി. നീഗൽ പിയേഴ്സന്റെ ടീം എതിരില്ലാത്ത ഒരു ഗോളിന് ആണ് ബേർൺലിയോട് തോറ്റത്. സമനിലയിലേക്ക് പോവുക ആണ് എന്ന് കരുതിയ മത്സരത്തിൽ 73 മത്തെ മിനിറ്റിൽ മക്നീലിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ ജെ റോഡ്രിഗസ് ആണ് ബേർൺലിക്ക് ജയം സമ്മാനിച്ചത്.

ജയത്തോടെ 31 മത്സരങ്ങളിൽ 42 പോയിന്റുകളും ആയി ബേർൺലി അടുത്ത സീസണിൽ പ്രീമിയർ ലീഗിൽ തുടരും എന്നുറപ്പാക്കി. അതേസമയം തോൽവി വലിയ തിരിച്ചടി ആണ് വാട്ട്ഫോർഡിനു നൽകിയത്. മത്സരം തോറ്റതോടെ 31 മത്സരങ്ങളിൽ നിന്ന് 28 പോയിന്റുകൾ മാത്രമുള്ള അവർ നിലവിൽ 16 സ്ഥാനത്ത് ആണ്. യഥാക്രമം 17, 18, 19 സ്ഥാനങ്ങളിലുള്ള വെസ്റ്റ് ഹാം, ബോർൺമൗത്ത്, ആസ്റ്റൻ വില്ല എന്നീ ടീമുകൾക്ക് 27 പോയിന്റുകൾ ആണ് ഉള്ളത് എന്നു അറിയുമ്പോൾ ആണ് പ്രീമിയർ ലീഗിൽ തരം താഴ്‌ത്തൽ ഒഴിവാക്കാനുള്ള പോരാട്ടത്തിന്റെ കടുപ്പം അറിയുക. പ്രീമിയർ ലീഗിൽ സൗത്താപ്റ്റൻ ആണ് വാട്ട്ഫോർഡിന്റെ അടുത്ത മത്സരത്തിലെ എതിരാളികൾ.

Advertisement