ചെൽസിക്ക് മുൻപിൽ എവർട്ടണും മുട്ടുമടക്കി

പ്രീമിയർ ലീഗിൽ മികച്ച ഫോമിൽ തുടരുന്ന ചെൽസിക്ക് ജയം. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് എവർട്ടണെയാണ് ചെൽസി പരാജയപ്പെടുത്തിയത്. ജയത്തോടെ ചെൽസി തങ്ങളുടെ ടോപ് ഫോർ സാധ്യതകൾ സജീവമാക്കി. ടോപ് ഫോർ യോഗ്യതക്കായി ചെൽസിക്കൊപ്പം മത്സരിക്കുന്ന എവർട്ടണെതിരായ ജയം ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ സജീവമാക്കും.

മത്സരത്തിന്റെ തുടക്കം മുതൽ ചെൽസിയുടെ ആധിപത്യം കണ്ട മത്സരത്തിൽ ബെൻ ഗോഡ്‌ഫ്രേയുടെ സെൽഫ് ഗോളിലാണ് ചെൽസി ആദ്യ പകുതിയിൽ മുൻപിൽ എത്തിയത്. ഹഡ്സൺ ഒഡോയ്, അലോൺസോ, ഹാവേർട്സ് എന്നിവരുടെ മികച്ച മുന്നേറ്റത്തിനൊടുവിലാണ് ഗോഡ്‌ഫ്രേയുടെ കാലിൽ തട്ടി പന്ത് എവർട്ടൺ വല കുലുക്കിയത്.

തുടർന്ന് രണ്ടാം പകുതിയുടെ തുടക്കത്തിൽ ഹാവെർട്സിലൂടെ ചെൽസി ലീഡ് ഇരട്ടിയാക്കിയെങ്കിലും റഫറി ഹാൻഡ് ബോൾ വിളിച്ചത് ചെൽസിക്ക് തിരിച്ചടിയായി. എന്നാൽ അധികം താമസിയാതെ ചെൽസി താരം ഹാവെർട്സിനെ എവർട്ടൺ ഗോൾ കീപ്പർ പിക്ക്ഫോർഡ് ഫൗൾ ചെയ്തതിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ഗോളാക്കി ചെൽസി തങ്ങളുടെ ലീഡ് ഇരട്ടിയാക്കി. പെനാൽറ്റിയെടുത്ത ജോർജിനോ പിക്‌ഫോർഡിനെ മറികടന്ന് ഗോൾ നേടുകയായിരുന്നു. പുതിയ പരിശീലകൻ തോമസ് ടൂഹലിനു കീഴിൽ ചെൽസി ഇതുവരെ തോൽവിയറിഞ്ഞിട്ടില്ല.