ഇംഗ്ലണ്ടിന്റെ റൊട്ടേഷന്‍ പോളിസി ഗുണകരം – സാം കറന്‍

ഇംഗ്ലണ്ടിന്റെ റൊട്ടേഷന്‍ പോളിസി ഏറെ ഗുണകരമായ ഒന്നാണെന്ന് പറഞ്ഞ് ഇംഗ്ലണ്ട് യുവതാരം സാം കറന്‍. ഇംഗ്ലണ്ട് കൊറോണയ്ക്ക് ശേഷം ക്രിക്കറ്റ് പുനരാരംഭിച്ചത് മുതല്‍ സ്ക്വാഡില്‍ റൊട്ടേഷന്‍ പോളിസി നടപ്പിലാക്കിയിട്ടുണ്ട്. ഇന്ത്യയ്ക്കെതിരെയുള്ള 3-1ന്റെ പരാജയം ഈ നയത്തിനെതിരെ പല ക്രിക്കറ്റ് പണ്ഡിതന്മാരും ആഞ്ഞടിക്കുവാന്‍ ഇടയാക്കിയിട്ടുണ്ട്.

എന്നാല്‍ ശ്രീലങ്കന്‍ ടൂറിന് ശേഷം വിശ്രമം ലഭിച്ച സാം കറന്‍ ഈ തീരുമാനത്തെ പിന്തുണയ്ക്കുകയാണുണ്ടായത്. ബയോ ബബിളുകള്‍ കളിക്കാരെ സംബന്ധിച്ച് വളരെ പ്രയാസകരമായ അവസ്ഥയാണെന്നും അവയില്‍ അധിക കാലം കഴിയേണ്ടി വരുന്നത് വളരെ കഷ്ടപ്പാടുള്ള കാര്യമാണെന്നും സാം കറന്‍ വ്യക്തമാക്കി.

ഇത്തരത്തില്‍ ഒരു ഇടവേള കിട്ടിയത് താന്‍ സ്വാഗതം ചെയ്യുന്ന കാര്യമാണെന്നും മറ്റു താരങ്ങളും സമാന അഭിപ്രായക്കാരാണെന്നും സാം കറന്‍ പറഞ്ഞു. മാനസികമായും ശാരീരികമായും താരങ്ങളെ ഫ്രഷ് ആയി നിലനിര്‍ത്തുവാന്‍ ഈ റൊട്ടേഷന്‍ നയം ഉപകരിക്കുമെന്ന് സാം കറന്‍ വ്യക്തമാക്കി.