പാലസ് പ്രതിരോധത്തെ അവസാനം മറികടന്നു ചെൽസി ജയം

പ്രീമിയർ ലീഗിൽ ലണ്ടൻ ഡാർബിയിൽ ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു ചെൽസി. ജയത്തോടെ നാലാം സ്ഥാനക്കാരും ആയുള്ള അകലം നിലനിർത്താൻ മൂന്നാമതുള്ള ചെൽസിക്ക് ആയി. ചെൽസി മുൻതൂക്കം കണ്ട മത്സരത്തിൽ പക്ഷെ അവർക്ക് ഗോളുകൾ നേടാൻ അവസാന നിമിഷം വരെ കാത്തിരിക്കേണ്ടി വന്നു. നന്നായി പ്രതിരോധിച്ച പാലസ് ഇടക്ക് ചെൽസിയെ പരീക്ഷിക്കുകയും ചെയ്തു. രണ്ടാം പകുതിയിൽ 75 മത്തെ മിനിറ്റിൽ ഹക്കിം സിയെച്ചിലൂടെ ചെൽസി ഗോൾ നേടിയെങ്കിലും റോമലു ലൂക്കാക്കു ഓഫ് സൈഡ് ആയതോടെ വാർ ഗോൾ അനുവദിച്ചില്ല.

സമനില എന്നു ഉറപ്പിച്ച മത്സരത്തിൽ 89 മത്തെ മിനിറ്റിൽ ഹക്കിം സിയെച്ചിലൂടെ ചെൽസി വിജയ ഗോൾ നേടുക ആയിരുന്നു. മാർകോസ് അലോൺസോയുടെ ക്രോസിൽ നിന്നായിരുന്നു സിയെച്ചിന്റെ ഗോൾ. തുടർച്ചയായ മൂന്നാം പ്രീമിയർ ലീഗ് മത്സരത്തിൽ ഗോൾ കണ്ടത്താൻ ഇതോടെ സിയെച്ചിനു ആയി. അവസാന മിനിറ്റുകളിൽ സാഹയുടെ ശ്രമം ഗോൾ പോസ്റ്റിനെ തൊട്ടു തലോടി പുറത്ത് പോയത് ചെൽസിക്ക് ആശ്വാസമായി. നിലവിൽ ചെൽസി മൂന്നാമത് നിൽക്കുമ്പോൾ ക്രിസ്റ്റൽ പാലസ് പതിമൂന്നാം സ്ഥാനത്ത് ആണ്.