സാക്ക-സ്മിത്ത് റോ!!! ബ്രന്റ്ഫോർഡ് പോരാട്ടം അതിജീവിച്ചു ആഴ്‌സണൽ ജയം!

Arsenal

പ്രീമിയർ ലീഗിൽ സീസണിലെ ആദ്യ മത്സരത്തിൽ നേരിട്ട അപ്രതീക്ഷിത പരാജയത്തിന് ബ്രന്റ്ഫോർഡിനോട് പ്രതികാരം ചെയ്തു ആഴ്‌സണൽ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ജയം കണ്ട ആഴ്‌സണൽ ആദ്യ നാലു പ്രതീക്ഷകൾ സജീവമാക്കി. നിലവിൽ ലീഗിൽ ആറാമതുള്ള ആഴ്‌സണൽ നാലാമതുള്ള രണ്ടു മത്സരങ്ങൾ അധികം കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡും ആയി വെറും ഒരു പോയിന്റ് മാത്രം പിറകിലാണ്. ആദ്യ പകുതിയിൽ ആഴ്‌സണലിന്റെ സമഗ്ര ആധിപത്യം ആണ് കാണാൻ ആയത്. ഒന്നിന് പിറകെ ഒന്നായി ആക്രമണങ്ങൾ അഴിച്ചു വിട്ട ആഴ്‌സണലിന് പക്ഷെ ബ്രന്റ്ഫോർഡ് പ്രതിരോധം മറികടക്കാൻ ആയില്ല. ഇടക്ക് ലാകസെറ്റ ഗോൾ നേടിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. നാലു തവണ പെനാൽട്ടിക്ക് ആയുള്ള ആഴ്‌സണലിന്റെ ആവശ്യങ്ങൾ റഫറി അവഗണിക്കുകയും ചെയ്തു.

രണ്ടാം പകുതി തുടങ്ങി മൂന്നു മിനിറ്റിനുള്ളിൽ ആഴ്‌സണൽ മത്സരത്തിൽ മുന്നിലെത്തി. അലക്‌സാണ്ടർ ലാകസെറ്റയുടെ പാസിൽ നിന്നു പ്രത്യാക്രമണത്തിൽ മനോഹരമായ ഒരു ഷോട്ടിലൂടെ മാർട്ടിനെല്ലിക്ക് പകരം ടീമിൽ എത്തിയ എമിൽ സ്മിത്ത് റോ ആഴ്‌സണലിന് ആദ്യ ഗോൾ സമ്മാനിച്ചു. ഗോൾ വഴങ്ങിയ ശേഷം ബ്രന്റ്ഫോർഡ് ആക്രമണം നടത്തുന്നത് മത്സരത്തിൽ കാണാൻ ആയി. 79 മത്തെ മിനിറ്റിൽ മറ്റൊരു പ്രത്യാക്രമണത്തിൽ പാർട്ടിയുടെ പാസിൽ നിന്നു ബുകയോ സാക്ക അതിമനോഹരമായ അതുഗ്രൻ ഷോട്ടിലൂടെ ആഴ്‌സണൽ ജയം ഉറപ്പിച്ചു. അവസാന മിനിറ്റിൽ ആഴ്‌സണൽ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത നോർഗാർഡ് ബ്രന്റ്ഫോർഡിനു ആശ്വാസ ഗോൾ സമ്മാനിക്കുക ആയിരുന്നു. ആദ്യം റഫറി ഓഫ് സൈഡ് വിധിച്ച ഗോൾ വാർ അനുവദിക്കുക ആയിരുന്നു. ജയത്തോടെ ആദ്യ നാല് എന്ന ലക്ഷ്യത്തിലേക്ക് ആഴ്‌സണൽ അടുക്കുക ആണ്.