പ്രൈം വോളിബോള്‍ ലീഗ്:കൊല്‍ക്കത്തയെ വീഴ്ത്തി അഹമ്മദാബാദ് സെമിയില്‍

Newsroom

Img 20220219 Wa0051
Download the Fanport app now!
Appstore Badge
Google Play Badge 1

ഹൈദരാബാദ്, 19 ഫെബ്രുവരി 2022: ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന റുപേ പ്രൈം വോളിബോള്‍ ലീഗില്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് സെമിഫൈനലിന് യോഗ്യത നേടുന്ന ആദ്യ ടീമായി. സ്‌കോര്‍: 7-15, 15-10, 15-13, 15-14, 10-15. അഞ്ച് മത്സരങ്ങളില്‍ നിന്ന് 8 പോയിന്റുമായി അഹമ്മദാബാദ് പട്ടികയില്‍ ഒന്നാമതെത്തി. അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിന്റെ ഷോണ്‍ ടി ജോണാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

ആദ്യ സെറ്റില്‍ 7-3ന് ലീഡ് നേടിയ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിന് രാഹുലും വിനീത് കുമാറും മികച്ച തുടക്കം നല്‍കി. ക്യാപ്റ്റന്‍ അശ്വല്‍ റായിയും കൊല്‍ക്കത്തക്കായി മികച്ച പ്രകടനം നടത്തി. വിനീതിന്റെ ഒരു തകര്‍പ്പന്‍ സ്മാഷ് തണ്ടര്‍ബോള്‍ട്ട്‌സിന് സൂപ്പര്‍ പോയിന്റ് സമ്മാനിച്ചു. 13-7ന് വന്‍ ലീഡ് നേടിയ ടീം ആദ്യ സെറ്റ് 15-7ന് സ്വന്തമാക്കി. ഷോണ്‍ ടി ജോണ്‍ രണ്ട് ഗംഭീര സ്‌പൈക്കുകള്‍ നടത്തിയതോടെ രണ്ടാം സെറ്റില്‍ ഹൈദരാബാദ് 6-3ന് ലീഡ് നേടി. കൊല്‍ക്കത്തയുടെ ചില അനാവശ്യ പിഴവുകള്‍ അഹമ്മദാബാദിന് സെറ്റില്‍ 13-6ന് ആധിപത്യം നല്‍കി. ഒടുവില്‍ 15-10ന് ഡിഫന്റേഴ്‌സ് രണ്ടാം സെറ്റ് അവസാനിപ്പിച്ചു.

മൂന്നാം സെറ്റില്‍ ഇരുടീമുകളും കടുത്ത പോരാട്ടം നടത്തി. സ്‌കോര്‍ 9-9 വരെ സമനിലയിലായി. കൊല്‍ക്കത്ത ക്യാപ്റ്റന്‍ അശ്വല്‍ റായ് ഒരു മികച്ച സ്‌പൈക്കും ബ്ലോക്കും പുറത്തെടുത്ത് ടീമിന് ഒരു പോയിന്റ് ലീഡ് നല്‍കിയതിന് പിന്നാലെ, അംഗമുത്തുവിന്റെ സ്‌പൈക്കിലൂടെ ഹൈദരാബാദ് സ്‌കോര്‍ വീണ്ടും സമനിലയിലാക്കി (12-12). ഹര്‍ദീപ് സിങിന്റെ ഒരു ഉജ്ജ്വലമായ സ്‌പൈക്ക് 15-13ന് മൂന്നാം സെറ്റ് നേടാനും, മത്സരത്തില്‍ 2-1ന് ലീഡ് ചെയ്യാനും ഹൈദരാബാദിനെ സഹായിച്ചു.

അംഗമുത്തുവിന്റെ തകര്‍പ്പന്‍ സ്‌പൈക്കും, മനോജ് എല്‍എമിന്റെ ഒരു മികച്ച ബ്ലോക്കും നാലാം സെറ്റില്‍ ഡിഫന്റേഴ്‌സിന് 10-8ന്റെ മുന്നേറ്റം നല്‍കി. തിരിച്ചുവന്ന തണ്ടര്‍ബോള്‍ട്ടസ് വിനീതിന്റെ അതിശയകരമായ സ്മാഷിലൂടെ 11-11ന് സ്‌കോര്‍ സമനിലയിലാക്കി. ഷോണ്‍ ടി ജോണ്‍ ഡിഫന്റേഴ്‌സിന് ഒരു സൂപ്പര്‍ പോയിന്റ് സമ്മാനിച്ചതോടെ ഹൈദരാബാദിന് 13-11 ലീഡായി. അശ്വല്‍ റായ് തന്റെ മിന്നും പ്രകടനം പുറത്തെടുത്ത് സ്‌കോര്‍ വീണ്ടും 13-13ന് സമനിലയിലാക്കി. പതറാതെ കളിച്ച ഹൈദരാബാദ് നാലാം സെറ്റ് 15-14ന് അവസാനിപ്പിച്ച് വിജയം ഉറപ്പിച്ചു.

തിരിച്ചുവരവിന് ശ്രമിച്ച കൊല്‍ക്കത്ത അഞ്ചാം സെറ്റില്‍ 8-6ന് മുന്നിലെത്തി. ക്യാപ്റ്റന്റെ മികവില്‍ 15-10ന് അവസാന സെറ്റ് നേടിയ ടീം തോല്‍വിയുടെ ഭാരവും കുറച്ചു. റുപേ പ്രൈം വോളിബോള്‍ ലീഗില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് അഞ്ച് മത്സരങ്ങളില്‍ നാലിലും ജയിച്ചു. മൂന്ന് മത്സരങ്ങള്‍ ജയിച്ച കൊല്‍ക്കത്തയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.

2022 ഫെബ്രുവരി 20ന് (ഞായറാഴ്ച) വൈകിട്ട് 6.50ന് നടക്കുന്ന മത്സരത്തില്‍ ബെംഗളൂരു ടോര്‍പ്പിഡോസ്, ചെന്നൈ ബ്ലിറ്റ്‌സിനെ നേരിടും.