സ്വന്തം ഗ്രൗണ്ടിൽ ബ്രൈട്ടനെതിരെ ഉജ്ജ്വല ജയം നേടി ചെൽസി തങ്ങളുടെ ചാമ്പ്യൻസ് ലീഗ് യോഗ്യത സജീവമാക്കി. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കായിരുന്നു ചെൽസിയുടെ ജയം. ചെൽസിക്ക് വേണ്ടി പ്രീമിയർ ലീഗിൽ ആദ്യ ഇലവനിൽ സ്ഥാനം നേടിയ ഹഡ്സൺ ഒഡോയിയും ലോഫ്റ്റസ് ചീകും ഹസാർഡുമായിരുന്നു ചെൽസിക്ക് വേണ്ടി തിളങ്ങിയത്.
എന്നാൽ മത്സരത്തിൽ പൂർണമായ ആധിപത്യം പുലർത്തിയിട്ടും ആദ്യ പകുതിയുടെ 38ആം മിനുറ്റുവരെ ബ്രൈട്ടൻ ചെൽസി ആക്രമണത്തെ തടഞ്ഞു നിർത്തി. തുടർന്ന് വലതു വിങ്ങിൽ ഹഡ്സൺ ഒഡോയിയുടെ മികച്ച മുന്നേറ്റത്തിനൊടുവിൽ ജിറൂദ് ആണ് ചെൽസിയുടെ ആദ്യ ഗോൾ നേടിയത്. ഗോൾ വഴങ്ങിയതോടെ പ്രതിരോധിക്കാൻ മറന്ന ബ്രൈട്ടൻ രണ്ടാം പകുതിയിൽ തുടരെ തുടരെ ഗോൾ വഴങ്ങുകയായിരുന്നു.
രണ്ടാം പകുതിയിൽ മത്സരത്തിന്റെ പൂർണ ആധിപത്യം കയ്യിലെടുത്ത ചെൽസി ഹസാർഡിന്റെ ഉജ്ജ്വല ഗോളിലൂടെ ലീഡ് ഇരട്ടിയാക്കുകയായിരുന്നു. ഹസാർഡിന്റെ ഗോളിന്റെ ആഘോഷം തീരുന്നതിനു മുൻപ് തന്നെ ചെൽസി വീണ്ടും ഗോളടിച്ചു. ഇത്തവണ ലോഫ്റ്റസ് ചീക് ആണ് മികച്ചൊരു ഷോട്ടിലൂടെ ചെൽസിയുടെ വിജയമുറപ്പിച്ച ഗോൾ നേടിയത്. ഇന്നത്തെ ജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്ന് ചെൽസി ലീഗിൽ അഞ്ചാം സ്ഥാനത്തെത്തി.