അവസാന രണ്ടു മത്സരങ്ങളിൽ സമനില വഴങ്ങിയ ചെൽസി പ്രീമിയർ ലീഗിൽ വിജയ വഴിയിൽ തിരിച്ചെത്തി. സൗത്താംപ്ടണെയാണ് ചെൽസി ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചത്. ചെൽസിക്ക് വേണ്ടി ഹസാർഡും റോസ് ബാർക്ലിയും മൊറാട്ടയുമാണ് ഗോളുകൾ നേടിയത്. ചെൽസിയുടെ പാസിംഗ് കളിയെ തടയാൻ സൗത്താംപ്ടൺ പലപ്പോഴും കഠിനമായ ഫൗളുകൾക്കും മുതിർന്നതോടെ റഫറി മഞ്ഞകാർഡുകൾ എടുക്കേണ്ടി വന്നു. 7 സൗത്താംപ്ടൺ താരങ്ങളാണ് മത്സരത്തിൽ മഞ്ഞ കാർഡ് കണ്ടത്.
സൗത്താംപ്ടണിന്റെ മുന്നേറ്റം കണ്ടുകൊണ്ടാണ് മത്സരം തുടങ്ങിയത്. എന്നാൽ സൗത്താംപ്ടൺ താരം ഡാനി ഇങ്‌സിന് കിട്ടിയ അവസരം താരം അവിശ്വസിനീയമാം വിധം പുറത്തടിച്ചു കളയുകയായിരുന്നു. തുടർന്നായിരുന്നു മത്സരത്തിൽ ലീഡ് നേടിയ ചെൽസിയുടെ ഗോൾ പിറന്നത്. സൗത്താംപ്ടണിൽ നിന്ന് പന്ത് പിടിച്ചെടുത്ത റോസ് ബാർക്ലി ഹസാർഡിനു പാസ് കൊടുക്കുകയും ഹസാർഡ് ഗോളകുകയുമായിരുന്നു.
തുടർന്ന് രണ്ടാം പകുതിയുടെ തുടക്കത്തിലും മികച്ച പ്രകടനം പുറത്തെടുത്ത സൗത്താംപ്ടൺ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല. അതിനു ശേഷമാണു ബാർക്ലിയുടെ രണ്ടാമത്തെ ഗോൾ പിറന്നത്. വില്ല്യന്റെ ഫ്രീ കിക്കിൽ നിന്നും ജിറൂദ് നൽകിയ പാസ് ഗോളാക്കിയാണ് ബാർക്ലി ചെൽസിയുടെ ലീഡ് ഇരട്ടിയാക്കിയത്.
മത്സരത്തിന്റെ ഇഞ്ചുറി ടൈമിലാണ് പകരക്കാരനായി ഇറങ്ങിയ മൊറാട്ട ചെൽസിയുടെ ഗോൾ പട്ടിക പൂർത്തിയാക്കിയത്. ഹസാർഡിന്റെ ത്രൂ ബോൾ സ്വീകരിച്ച മൊറാട്ട സൗത്താംപ്ടൺ ഗോൾ കീപ്പർ കബളിപ്പിച്ച് ഗോൾ നേടുകയായിരുന്നു.