ട്രാൻസ്ഫർ വിലക്കിനെതിരെ അപ്പീൽ നൽകി ചെൽസി

- Advertisement -

18 വയസ്സിനു താഴെയുള്ള താരങ്ങളെ സ്വന്തമാക്കിയതുമായി ബന്ധപ്പെട്ട് ഫിഫ നൽകിയ ട്രാൻസ്ഫർ വിലക്കിനെതിരെ അപ്പീൽ നൽകി ചെൽസി. താരങ്ങളെ സ്വന്തമാക്കുന്നതിൽ ചെൽസി നിയമങ്ങൾ തെറ്റിച്ചു എന്ന് പറഞ്ഞാണ് ഫിഫ ചെൽസിക്ക് രണ്ടു ട്രാൻസ്ഫർ വിൻഡോയിൽ വിലക്കേർപ്പെടുത്തിയത്. വിലക്കേർപ്പെടുത്തിയ സമയത്ത് തന്നെ ഇതിനെതിരെ അപ്പീലിന് പോവുമെന്ന് ചെൽസി അറിയിച്ചിരുന്നു.

അപ്പീൽ ലഭിച്ചെങ്കിലും ചെൽസിയുടെ അപ്പീൽ എന്ന് പരിഗണിക്കുമെന്ന് ഫിഫ വ്യക്തമാക്കിയിട്ടില്ല. സാധാരണ അപ്പീൽ നൽകുന്ന സമയങ്ങളിൽ ഫിഫ ട്രാൻസ്ഫർ ബാൻ നടപ്പിൽ വരുത്താറില്ല. നേരത്തെ ബാഴ്‌സലോണയും റയൽ മാഡ്രിഡും ട്രാൻസ്ഫർ വിലക്കിന്റെ സമയത്ത് അപ്പീൽ നൽകുകയും ട്രാൻസ്ഫർ നടത്തുകയും ചെയ്തിരുന്നു. അപ്പീലിന് ശേഷം ആ സമയത്ത് റയൽ മാഡ്രിഡിന് ഒരു ട്രാൻസ്ഫർ വിൻഡോയിൽ വിലക്കും ബാഴ്‌സലോണക്ക് രണ്ടു ട്രാൻസ്ഫർ വിൻഡോയിലും വിലക്കേർപ്പെടുത്തിയിരുന്നു. അതെ സമയം റയൽ മാഡ്രിഡിനും ബാഴ്‌സലോണക്കും ലഭിച്ച ആനുകൂല്യം ചെൽസിക്ക് ലഭിച്ചേക്കണം എന്നില്ല എന്നും ഫിഫ വ്യക്തമാക്കിയിട്ടുണ്ട്.

രണ്ടു ട്രാൻസ്ഫർ വിൻഡോയിലെ വിലക്കിന് പുറമെ ചെൽസിക്ക് ഏകദേശം നാല് കോടിയിലധികം ഇന്ത്യൻ രൂപ പിഴയും വിധിച്ചിരുന്നു. ചെൽസിക്ക് പുറമെ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷനും ഫിഫ പിഴ ഇട്ടിരുന്നു.

Advertisement